കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനിരയായ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുന്‍ എം.പി വി.എം. സുധീരന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ സുപ്രധാന നടപടി. സുജിത്ത് കടുത്ത ശാരീരിക മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയായെന്ന് ചൂണ്ടിക്കാട്ടി വി.എം. സുധീരന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പരാതിയില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഇരയായ വ്യക്തിക്ക് അമ്പതിനായിരം രൂപ ധനസഹായമായി നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. വിഷയം സര്‍ക്കാര്‍ വിശദമായി പരിശോധിക്കണമെന്നും, നഷ്ടപരിഹാര തുക 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്ന് വഹിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലില്‍ സന്തോഷമുണ്ടെങ്കിലും നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്ന് സുജിത്ത് പ്രതികരിച്ചു. തന്നെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും അവര്‍ക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.



