പുലിയന്നൂര്‍ ജി.യു.പി സ്കൂളിലെ സഞ്ജീവനി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ ശില്പശാലയും ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. ദേശീയ ഹരിത സേന, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കുട്ടികളിലെ സ്വയം തൊഴില്‍ സാധ്യത പരിഗണിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. കെ.എസ്.ഇ.ബി. സബ്സ്റ്റേഷന് ഓപ്പറേറ്റര്‍ പി.സാബിര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. പരിശീലനം ലഭിച്ച 50 കുട്ടികളെ ഉള്‍പ്പെടുത്തി സ്കൂള്‍ തല എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനും തീരുമാനമായി.