റവന്യൂ ജില്ലാ കായികമേള, നിസ്സഹകരണ സമരത്തിന്റെ ഭാഗമായി കായികോത്സവ വേദിയിലേക്ക് സംയുക്ത കായിക അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. രാവിലെ പതാക ഉയര്‍ത്തലിനും, ഉദ്ഘാടന ചടങ്ങിനും തൊട്ടുമുന്‍പാണ് കായിക അധ്യാപകര്‍ ട്രാക്കില്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധ സമരം നടത്തിയത്. പതാക ഉയര്‍ത്തലിനും, ഉദ്ഘാടന ചടങ്ങിനുമായി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിട്ടും പ്രതിഷേധം തുടര്‍ന്നതോടെ ആശങ്ക ഉയര്‍ന്നു. സമരം മുന്‍കൂട്ടി കണ്ട് പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
എന്നാല്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ട്രാക്കിന് പുറത്തേക്ക് പോവുകയായിരുന്നു. കായികോത്സവവുമായി സഹകരിക്കുമെന്നും എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും സംയുക്ത കായിക അധ്യാപക സംഘടന ഭാരവാഹികള്‍ സിസിടിവിയോട് പറഞ്ഞു.12 വിദ്യാഭ്യാസ ഉപജില്ലകളെ പ്രതിനിധീകരിച്ച് 12 കായിക അധ്യാപകര്‍ കറുത്ത തുണികൊണ്ട് വായ മുടികെട്ടി നിരാഹാര സമരവും നടത്തിവരുന്നുണ്ട്.തസ്തിക പുനര്‍നിര്‍ണയം ആവശ്യപ്പെട്ടണ് സംസ്ഥാന വ്യാപകമായി കായിക അധ്യാപകര്‍ നിസ്സഹകരണ സമരം നടത്തുന്നത്.