മൂന്നുദിവസം മുമ്പ് കാണാതായ മധ്യവയസ്‌കനെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സേലം സ്വദേശിയും ചിറ്റണ്ടയില്‍ സ്ഥിരതാമസക്കാരനുമായ 54 വയസുള്ള മുത്തുസ്വാമി എന്നയാളെയാണ് ഞായറാഴ്ച രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.. ചിറ്റണ്ടയില്‍ നിന്ന് വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ കഴിഞ്ഞ കുറേക്കാലമായി ചിറ്റണ്ടയിലാണ് താമസിച്ചു വരുന്നത്. കഴിഞ്ഞ മൂന്നുദിവസമായി ഇയാളെ കാണ്മാനില്ലായിരുന്നു . അയല്‍വാസിയായ സുകുമാരനാണ് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ മുത്തുസ്വാമിയെ മരിച്ച നിലയില്‍ കണ്ടത് . ഉടന്‍ തന്നെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് വടക്കാഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു . വടക്കാഞ്ചേരി എസ്. ഐ പി.വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു .