മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി രാകേഷാണ് മരിച്ചത്. രാകേഷ് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. എടപ്പാള്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ഇന്നലെ മരിച്ചിരുന്നു. വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരന്‍ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയില്‍ ഏപ്രില്‍ 21-ാം തീയതിയാണ് വന്‍ സ്‌ഫോടനമുണ്ടായത്. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടു. വെടിക്കെട്ടുശാല പ്രവര്‍ത്തിച്ചതിന് സമീപത്തെ പാടശേഖരത്തില്‍ ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. 500 മീറ്റര്‍ അകലെവരെ ശരീരഭാഗങ്ങള്‍ തെറിച്ചുവീണിരുന്നു.

ADVERTISEMENT