വസന്തത്തിന്റെ മാസമായ റബീഉല്‍ അവ്വലിനെ വരവേറ്റ് മുസ്ലിം വിശ്വാസിലോകം; മീലാദുന്നബി ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പുണ്യപ്പിറവിയാല്‍ അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തെ വരവേറ്റ് വിശ്വാസികള്‍. ഹിജ്‌റ വര്‍ഷത്തിലെ മൂന്നാമത്തെ മാസമായ റബീഉല്‍ അവ്വല്‍ പ്രവാചക പ്രകീര്‍ത്തനങ്ങളാലും ഭക്തിനിര്‍ഭരമായ സദസ്സുകളാലും ഇനി വരും ദിനങ്ങളെ ധന്യമാക്കും. ആഗസ്റ്റ് 13ന് വ്യാഴാഴ്ച ഹിജ്‌റ വര്‍ഷത്തിലെ രണ്ടാം മാസം ആയ സഫര്‍ 29ന് ആണ് റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായത്. ഇത് പ്രകാരം ആഗസ്റ്റ് 14 വെള്ളിയാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും മീലാദ് ശരീഫ് അഥവാ റബീഉല്‍ അവ്വല്‍ 12 ആഗസ്റ്റ് 25 ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ പ്രഖ്യാപിച്ചിരുന്നു.
റബീഉല്‍ അവ്വല്‍ മാസപ്പിറവിയോടെ സംസ്ഥാനത്തെ വിവിധ മസ്ജിദുകളിലും വീടുകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന മൗലിദ് പാരായണങ്ങള്‍ക്കും പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ക്കും തുടക്കമായി. പ്രവാചകന്റെ സ്നേഹവും കാരുണ്യവും വിളിച്ചോതുന്ന സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ആത്മീയ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പള്ളികളിലും, മദ്രസ സ്ഥാപനങ്ങളിലും പ്രത്യേക മൗലിദ് പാരായണവും പ്രാര്‍ത്ഥനകളും മധുരവിതരണവും നടക്കും. റബീഉല്‍ അവ്വല്‍ 12-ാം നാളിലെ ആഘോഷങ്ങളുടെ ഭാഗമായി മദ്രസകള്‍ കേന്ദ്രീകരിച്ചും മഹല്ല് സംയുക്തമായും വര്‍ണ്ണാഭമായ റാലികളും വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരങ്ങളും നടക്കും.ഇതിന്റെ ഭാഗമായി പ്രവാചകചര്യ മുന്‍നിര്‍ത്തി പാവപ്പെട്ടവര്‍ക്ക് ഭക്ഷണവിതരണം, വസ്ത്രദാനം, രോഗീ പരിചരണം തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങളും പുണ്യമാസത്തില്‍ വ്യാപകമായി സംഘടിപ്പിക്കും.ലോകമെമ്പാടുമുള്ള മുസ്ലിംങ്ങള്‍ ഏറെ ആദരവോടെ കാണുന്ന ഈ ദിനങ്ങളില്‍ പ്രവാചക സന്ദേശ പ്രഭാഷണങ്ങളും പ്രത്യേക പരിപാടികളും സംഘടിപ്പിക്കുവാനുള്ള തിരക്കിലാണ് മുസ്ലിം വിശ്വാസികള്‍.



