തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു:നാല് പഞ്ചായത്തുകളില്‍ നിയന്ത്രണം; ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശം

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു:നാല് പഞ്ചായത്തുകളില്‍ നിയന്ത്രണം; ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശം

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡായ ചാഴിയാട്ടിരിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ്. ഉത്തരവിട്ടു. രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി ഗ്രാമപഞ്ചായത്തുകള്‍ രോഗ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടും.രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും , വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കൂടാതെ, രോഗബാധിത മേഖലകളില്‍ നിന്നും പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കോ തിരിച്ചോ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.രോഗബാധിത പ്രദേശങ്ങളിലെ ഒരു കി.മീ ചുറ്റളവില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരമുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും മറ്റ് ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ മൃഗസംരക്ഷണ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, അനധികൃത കടത്ത് തടയാനായി ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പൊലീസ്, ആര്‍.ടി.ഒ എന്നിവരുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധനകള്‍ നടത്തും. രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ പൊലീസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍ എന്നിവരുള്‍പ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീം അടിയന്തിരമായി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

 

ADVERTISEMENT