‘പിണറായി സര്‍ക്കാര്‍ കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റി’; കെ സി വേണുഗോപാല്‍ എംപി

പിണറായി സര്‍ക്കാര്‍ കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പോലീസ് മര്‍ദ്ദനത്തിനിരയായ ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഏറ്റവും വലിയ പോലീസ് മുറയാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലമായുള്ള പിണറായി സര്‍ക്കാരിന്റെ പോലീസ് നയം എന്താണെന്ന് തുറന്നറിയിക്കുന്ന സംഭവമാണിത്. മര്‍ദ്ദിച്ച പോലീസുകാര്‍ സര്‍വീസില്‍ തുടരാന്‍ ഒരു നിമിഷം പോലും അര്‍ഹരല്ല. ഏതറ്റം വരെ നിയമപരമായി പോകേണ്ട കാര്യങ്ങളും കുറിച്ചും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് കരുണയുടെ അംശം ഉണ്ടെങ്കില്‍ ഈ വീഡിയോ കണ്ട് അദ്ദേഹം പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. സുജിത്ത് കോണ്‍ഗ്രസിന്റെ മാത്രമല്ല ഈ നാട്ടിലെ പോലീസിന്റെ നരനായാട്ടിന് വിധേയമായവരുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT