പൊന്നാനി -ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ ഒരാഴ്ച്ച മുന്‍പ് അടച്ച കുഴികള്‍ വീണ്ടും രൂപപ്പെട്ടു. റോഡില്‍ ചിതറികിടക്കുന്ന മെറ്റലുകളില്‍ ഇരുചക്ര വാഹനങ്ങള്‍ തെന്നി വീണ് അപകടം പെരുകുന്നു. പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞയാഴ്ച അടച്ച കുഴികളാണ് മഴ പെയ്തതോടെ വീണ്ടും പഴയപടിയായത്. ആല്‍ത്തറ, പുന്നയൂര്‍ക്കുളം,, വടക്കേക്കാട്, നായരങ്ങാടി ഭാഗങ്ങളിലാണ് റോഡ് തകര്‍ന്ന് കുഴികളായത്. ഗുണനിലവാരം ഇല്ലാതെയാണു കുഴികള്‍ നികത്തിയതെന്നു നാട്ടുകാര്‍ ആരോപിച്ചു. മാത്രവുമല്ല കുഴി അടക്കാന്‍ ഉപയോഗിച്ച കരിങ്കല്ല് മെറ്റലുകള്‍ റെഡില്‍ ചിതറി കിടക്കുന്ന അവസ്ഥയാണ് . ഇതില്‍ തെന്നി ഇരു ചക്ര വാഹനങ്ങള്‍ തെന്നി വീണും അപകടം ഉണ്ടാവുന്നുണ്ട്. വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ കരിങ്കല്‍ ചീളുകള്‍ തെറിക്കുന്ന അവസ്ഥയുമാണ്. കുഴികളില്‍ മഴ പെയ്താല്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഇവയുടെ ആഴമറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികര്‍ നിരന്തരം അപകടത്തില്‍പെടുന്ന അവസ്ഥയും നിലവിലുണ്ട്. കുഴികളില്‍ മഴവെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ രാത്രി യാത്രക്കാര്‍ക്ക് റോഡിന്റെ അവസ്ഥ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ല. കുഴികള്‍ അടച്ച് ഗതാഗതം സുരക്ഷിതമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



