രാമായണത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്കിടയില്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്ന കഥാപാത്രങ്ങളുടെ മഹത്വവും പ്രസക്തിയും ഓര്‍മിപ്പിച്ച് ഗുരുവായൂരില്‍ രാമായണ പ്രഭാഷണം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന രാമായണ പ്രഭാഷണ പരമ്പരയിലാണ് ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി പ്രഭാഷണം നടത്തിയത്.രാമായണത്തിലെ അപ്രസക്തരായി മാറിപ്പോകുന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഒരു മണിക്കൂറോളം നീണ്ട പ്രഭാഷണം. സ്വന്തം കഴിവുകള്‍ മറന്നുപോയ ഹനുമാനെ അദ്ദേഹത്തിന്റെ ശക്തി ഓര്‍മിപ്പിച്ചത് ജാംബവാനാണെന്ന് പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.ലങ്കയിലേക്ക് കടക്കാന്‍ ഹനുമാനെ പ്രേരിപ്പിച്ചതിലും മൃതസഞ്ജീവനി തേടിപ്പിടിക്കുന്ന ദൗത്യത്തിലും ജാംബവാന്റെ നിര്‍ണായക പങ്കും പ്രഭാഷണത്തില്‍ വിശദീകരിച്ചു. മറ്റുള്ളവരിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ മുന്നോട്ട് നയിക്കുന്നതിന്റെ ഉദാഹരണമായി ജാംബവാന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇന്ദ്രജിത്തിന്റെ ഭാര്യയായ സുലോചന, ദശരഥന്റെ മൂന്ന് ഭാര്യമാരില്‍ ഒരാളായ സുമിത്ര തുടങ്ങിയ കഥാപാത്രങ്ങളുടെ വ്യക്തിത്വവും രാമായണത്തിലെ അവരുടെ പ്രസക്തിയും പ്രഭാഷണത്തില്‍ വിശദീകരിച്ചു.രാമനെയും സീതയെയും കുറിച്ചുള്ള സുമിത്രയുടെ കാഴ്ചപ്പാടും പ്രഭാഷണത്തില്‍ ശ്രദ്ധേയമായി. രാമനെ സ്വന്തം പിതാവിനെപ്പോലെയും സീതയെ സ്വന്തം അമ്മയെപ്പോലെയും കാടിനെ അയോധ്യയെപ്പോലെയും കാണണമെന്ന സുമിത്രയുടെ ഉപദേശം രാമായണത്തിലെ ഉയര്‍ന്ന മൂല്യബോധത്തിന്റെ ഉദാഹരണമായി അവതരിപ്പിച്ചു. പ്രധാന കഥാപാത്രങ്ങളുടെ നിഴലില്‍ മറഞ്ഞുപോകുന്നവരിലൂടെ രാമായണം നല്‍കുന്ന വലിയ ജീവിതസന്ദേശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു പ്രഭാഷണം.



