ഗുരുവായൂര്‍ ക്ഷേത്രനഗരത്തിലെ സുരക്ഷ ശക്തമാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും ജനകീയ പങ്കാളിത്തത്തോടെ പുതിയ സുരക്ഷാ സംവിധാനം ഒരുക്കി ഗുരുവായൂര്‍ പോലീസ്. കച്ചവടക്കാര്‍, ലോഡ്ജ് – ഹോട്ടല്‍ ഉടമകള്‍, ഓട്ടോ – ടാക്സി ഡ്രൈവര്‍മാര്‍, ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍, നഗരസഭാ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സെക്യൂരിറ്റി കോര്‍ഡിനേഷന്‍ ഗ്രൂപ്പിന് രൂപം നല്കി. സ്കോഗ് എന്ന ചുരുക്കപ്പേരില്‍ രൂപീകരിച്ച കൂട്ടായ്മയിലെ അംഗങ്ങള്‍, നഗരത്തിലെ സംശയാസ്പദമായ നീക്കങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ ഉടന്‍ പോലീസിന് കൈമാറാനുള്ള സുരക്ഷാ ശൃംഖലയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്നര്‍, ഔട്ടര്‍ റിങ് റോഡുകളിലെ കച്ചവട സ്ഥാപനങ്ങള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവയുള്‍പ്പെടെ 80 സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് ഗ്രൂപ്പിലുള്ളത്. ഇവര്‍ക്കായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.



