32.8 C
Kunnamkulam
Sunday, November 8, 2026
Home Bureaus Guruvayur ചെമ്പൈ സംഗീതോത്സവ വേദിയില്‍ ‘സ്ത്രീ തരംഗ്’ താളവിസ്മയം

ചെമ്പൈ സംഗീതോത്സവ വേദിയില്‍ ‘സ്ത്രീ തരംഗ്’ താളവിസ്മയം

5

ഘടങ്ങളുടെ താളവും വാദ്യങ്ങളുടെ മേളവും ഒത്തുചേര്‍ന്നപ്പോള്‍ ചെമ്പൈ സംഗീതോത്സവ വേദിയില്‍ വിരിഞ്ഞത് സ്ത്രീശക്തിയുടെ സംഗീതത്തിരയിളക്കം. അഞ്ച് വനിതകളുടെ കൂട്ടായ്മയില്‍ പിറന്ന സ്ത്രീ തരംഗ് എന്ന താളവിസ്മയം ചെമ്പൈ സംഗീതമണ്ഡപത്തിന് വേറിട്ട അനുഭവമായി. ഘടവാദനത്തിലെ വിസ്മയപ്രതിഭയും ഇന്ത്യയിലെ ആദ്യ വനിതാ ഘടം വാദകയുമായ സുകന്യ രാം ഗോപാലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വനിതാ കര്‍ണാടക സംഗീത വാദ്യവൃന്ദമാണ് സ്ത്രീ തരംഗ് അവതരിപ്പിച്ചത്. വ്യത്യസ്ത ശ്രുതികളിലുള്ള പത്തോളം ഘടങ്ങള്‍ ഒരേസമയം അണിനിരത്തി മെലഡിയും താളവും സമന്വയിപ്പിച്ചുള്ള അവതരണം ചെമ്പൈ സംഗീത വേദിക്ക് പുത്തന്‍ അനുഭവമായി. വാണി മഞ്ജുനാഥ് ഓടക്കുഴലിലും പ്രേമ വിവേക് വയലിനിലും ലക്ഷ്മി രാജശേഖര്‍ മൃദംഗത്തിലും ഭാഗ്യലക്ഷ്മി എം. കൃഷ്ണ മുഖര്‍ശംഖിലുമായി അവതരണത്തിന് മാറ്റുകൂട്ടി. സുകന്യ രാം ഗോപാലിന്റെ ഘടവാദനവും മറ്റ് വാദ്യോപകരണങ്ങളുടെ അകമ്പടിയും ചേര്‍ന്നപ്പോള്‍ വേദിയില്‍ പിറന്നത് അപൂര്‍വ സംഗീതസംഗമമായിരുന്നു.ദീക്ഷിതര്‍ കൃതിയായ ‘സന്താനഗോപാല കൃഷ്ണം’ എന്ന കീര്‍ത്തനം രാഗാവതരണത്തോടെ ആരംഭിച്ച കച്ചേരി, ‘ഭാഗ്യലക്ഷ്മി ബാരമ്മ’ മധ്യമാവതി രാഗത്തില്‍ അവതരിപ്പിച്ചാണ് സമാപിച്ചത്. ഒരു മണിക്കൂറോളം നീണ്ട കലാകാരികളുടെ താളവിസ്മയം ആസ്വാദകരുടെ മനം കവര്‍ന്നു. ബൃന്ദ മാണിക്യ വാസകനും പട്ടാഭിരാമ പണ്ഡിറ്റും അവതരിപ്പിച്ച കച്ചേരികളും ശ്രദ്ധേയമായി. സംഗീതോത്സവം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ 250 ഓളം പേര്‍ സംഗീതാര്‍ച്ചന നടത്തി.ഏകാദശി ദിവസമായ നവംബര്‍ 21ന് സമാപിക്കും.

 

ADVERTISEMENT
error: Content is protected !!