ജലജീവന്‍ പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് ജലഅതോറിറ്റി പൊളിച്ച കടവല്ലൂര്‍ പഞ്ചായത്തിലെ റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പദ്ധതിയായി. പഞ്ചായത്തിലെ 121 റോഡുകളാണു ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ ആക്കാത്തതിനാല്‍ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതികള്‍ തകിടം മറിഞ്ഞിരുന്നു. കരാര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പണി തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
നവീകരണം നടത്താതെ റോഡുകളുടെ അവസ്ഥ ദയനീയമായതോടെ ജലഅതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ പഞ്ചായത്ത് പരാതി നല്‍കി. പിന്നീട് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണു റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ജലഅതോറിറ്റി തയാറായത്. പൊളിച്ച റോഡുകള്‍ ഒരു മീറ്റര്‍ വീതിയില്‍ അതോറിറ്റിയുടെ കരാര്‍ ജീവനക്കാര്‍ പുന:സ്ഥാപിച്ചു നല്‍കും. അതിനൊടൊപ്പം പൂര്‍ണമായ റീടാറിങ് അടക്കമുള്ള പ്രവൃത്തികള്‍ പഞ്ചായത്തും നടത്തും.