ശബരിമലയില്‍ നിന്ന് കൂടുതൽ സ്വർണം കൊള്ളയടിച്ചെന്ന് കണ്ടെത്തല്‍; സ്മാർട്ട് ക്രിയേഷന്‍സിലെത്തിച്ച് വേർതിരിച്ചു

ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വർണവും കവര്‍ന്നുവെന്നാണ് കണ്ടെത്തല്‍. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്‌ഐടി കണ്ടെത്തി. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.

 

ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിലും രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിലും കട്ടിളയുടെ മുകള്‍പ്പടി ചെമ്പ് പാളിയിലും കട്ടിളയ്ക്ക് മുകളില്‍ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളി രൂപവുമുടങ്ങുന്ന പ്രഭാമണ്ഡലത്തിലുള്ള സ്വര്‍ണം പതിച്ച ചെമ്പ് പാളികളിലും പൊതിഞ്ഞിരിക്കുന്ന സര്‍ണം പതിച്ച ഏഴ് ചെമ്പ് പാളികളില്‍ നിന്നുള്ള സ്വര്‍ണവും വേര്‍തിരിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. പണിക്കൂലിയായി എടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരി എസ്‌ഐടിക്ക് മുന്നില്‍ ഹാജരാക്കി. കൊള്ളയടിച്ചതിന് തത്തുല്ല്യമായി 109. 243 ഗ്രാം സ്വര്‍ണമാണ് എസ്‌ഐടിക്ക് സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈമാറിയത്.

ADVERTISEMENT