24.6 C
Kunnamkulam
Monday, July 27, 2026
Home CCTV Desk സീറ്റൊന്നിന് 62,000 രൂപ മുതൽ; ഡിമാൻഡിനൊപ്പം കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്, ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക...

സീറ്റൊന്നിന് 62,000 രൂപ മുതൽ; ഡിമാൻഡിനൊപ്പം കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്, ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ

പശ്ചിമേഷ്യയിലെ ആകാശപരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎഇയിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യൻ സഞ്ചാരികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങൾ സർവീസ് ആരംഭിച്ചു. എന്നാൽ ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. സാധാരണ വിമാന സർവീസുകൾ മുടങ്ങിയതോടെ സന്ദർശക വിസയിൽ എത്തിയവരും ട്രാൻസിറ്റ് യാത്രക്കാരുമാണ് ദുരിതത്തിലായത്.

ദുബായ്, അബുദാബി വിമാനത്താവളങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ചാർട്ടർ വിമാനങ്ങൾ ക്രമീകരിക്കുന്നത്. ട്രാവൽ ഏജൻസികൾ വഴിയാണ് ഇതിന്റെ ബുക്കിംഗ് നടക്കുന്നത്. ഡിമാൻഡ് ഉയർന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചിരിക്കുകയാണ്. ചാർട്ടർ വിമാനങ്ങളിൽ ഒരാൾക്ക് 2,500 ദിർഹം (ഏകദേശം 62,000 രൂപ) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. സ്വകാര്യ ജെറ്റുകളിൽ പോകണമെങ്കിൽ 7,000 ദിർഹം വരെ നൽകണം. നേരത്തെ 1,700 ദിർഹമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 3,000 ദിർഹം വരെ ഈടാക്കുന്നുണ്ട്.

ഡിമാൻഡ് കൂടുതലാണെങ്കിലും ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും നിലവിൽ കണക്റ്റിവിറ്റി ലഭ്യമല്ല. തിരഞ്ഞെടുത്ത പ്രധാന നഗരങ്ങളിലേക്ക് മാത്രമാണ് ഇപ്പോൾ സർവീസുകൾ നടക്കുന്നത്. ഫെബ്രുവരി അവസാന വാരം അവധിക്കാലം ആഘോഷിക്കാൻ എത്തിയ പലരും വിമാനങ്ങൾ റദ്ദാക്കിയതോടെ ഹോട്ടലുകളിൽ കുടുങ്ങുകയായിരുന്നു. യാത്ര മുടങ്ങിയത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കി, എന്നാൽ ചാർട്ടർ വിമാനങ്ങൾ വരുന്നത് വലിയ ആശ്വാസമാണെന്ന് കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരി രാജീവ് പറഞ്ഞു.

നിലവിൽ യുഎഇ സുരക്ഷിതമാണെന്നും അതുകൊണ്ട് തന്നെ പരിഭ്രാന്തരായി ഉയർന്ന തുക നൽകി യാത്ര ചെയ്യേണ്ടതില്ലെന്നും അൽഹിന്ദ് ബിസിനസ് സെന്റർ എംഡി നൗഷാദ് ഹസ്സൻ പറഞ്ഞു. അടിയന്തരമായി നാട്ടിലെത്തേണ്ടവർ മാത്രം ഈ സേവനം ഉപയോഗപ്പെടുത്തുക. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ പെരുന്നാളിന് മുൻപായി തിരക്ക് കുറയുകയും നിരക്ക് സാധാരണ നിലയിലാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ADVERTISEMENT
error: Content is protected !!