ഗുരുവായൂര്‍ നഗരസഭ പരിധിയിലെ തെരുവു വിളക്കുകള്‍ പ്രകാശിക്കാത്തതില്‍, നഗരസഭ ഓഫീസിനു മുന്നില്‍മ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. തെരുവു വിളക്കുകളുടെ അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്യാത്തതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലും ഇവ കത്തുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ നിരന്തരമായി പരാതികള്‍ പറയുമ്പോള്‍ ശരിയാക്കാം എന്ന പഴമൊഴി മാത്രമാണ് മറുപടിയെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. പല പ്രദേശങ്ങളിലും തെരുവു ലൈറ്റുകള്‍ കത്താത്തതില്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് ജനപ്രതിനിധികളോട് പ്രതികരിക്കുന്നത്. ഈ വിവരങ്ങള്‍ ജനപ്രതിനിധികള്‍ നഗരസഭയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അറിയിക്കാറുണ്ടങ്കിലും ചെയര്‍മാനടക്കമുള്ളവര്‍ മൗനത്തിലിരിക്കുകയാണ് പതിവെന്നും ഇവര്‍ പറഞ്ഞു. പ്രതിഷേധ സമരത്തിന് യുഡിഎഫ് കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, കെ പി എ റഷീദ്, ബി വി ജോയ്, സി എസ് സൂരജ്, കെ എം മെഹറൂഫ്, അജിത അജിത്ത്, ഷില്‍വ ജോഷി, ജീഷ്മ സുജിത് എന്നിവര്‍ നേതൃത്വം നല്‍കി.