വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സുൽത്താൻ ബത്തേരിയിൽ അസാധാരണ സംഭവം. സുൽത്താൻ ബത്തേരിയിലെ പോസ്റ്റൽ വോട്ടിന്‍റെ ഒരു കെട്ട് കൽപ്പറ്റയിൽ മാറി എത്തി. 50 ഓളം പോസ്റ്റൽ വോട്ടാണ് ഇതിലുള്ളത്. ഇതോടെ പോസ്റ്റൽവോട്ട് എണ്ണുന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണ്. സംഭവത്തെ തുടർന്ന് യുഡിഎഫ് പരാതി അറിയിച്ചു. കളമശ്ശേരി മണ്ഡലത്തിന്‍റെ സ്ട്രോങ്ങ് റൂമിന്‍റെ താക്കോൽ കാണാതായെന്നൊരു സംഭവം കൂടി ഇന്ന് രാവിലെ ഉണ്ടായിരുന്നു. പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഉറച്ച കോട്ടയാണ് സുൽത്താൻ ബത്തേരി. 1977 ൽ സുൽകത്താൻ ബത്തേരി നിയമസഭ മണ്ഡലം രൂപീകൃതമായതു മുതൽ രണ്ട് പ്രാവശ്യം മാത്രമാണ് സിപിഎം മണ്ഡലം പിടിച്ചെടുത്ത്. അതുമാറ്റി നിർത്തിയാൽ കോൺഗ്രസോ അവരുടെ സഖ്യകക്ഷികളോ അല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇവിടെ വിജയിച്ചിട്ടില്ല. സുൽത്താൻ ബത്തേരി നഗരം, അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ, ചീരാൽ, കിടങ്ങനാട് തുടങ്ങിയ പഞ്ചായത്തുകൾ അടങ്ങിയതാണ് സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലം. പണിയ, കാട്ടുനായ്ക, കുറുമ്മ, അടിയ വിഭാഗങ്ങളുൾപ്പെടെയുള്ള പട്ടികവർഗക്കാർ മണ്ഡലത്തിലെ വലിയൊരു വിഭാഗമാണ്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള ക്രൈസ്തവ കർഷകരും വ്യാപാര മേഖലയിൽ സജീവമായ മുസ്ലീം വിഭാഗവും രാഷ്ട്രീയമായി നിർണ്ണായക സ്വാധീനം ചെലുത്തുന്നവരാണ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ഐസി ബാലകൃഷ്ണനാണ് വിജയിച്ചത് 81,077 വോട്ടുകളായിരുന്നു ലഭിച്ചത്. തൊട്ടുപിന്നാലെ എൽഡിഎഫ് സ്ഥാനാർഥി എംഎസ് വിശ്വനാഥനും ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ടേമുകളിലായി ഐസി ബാലകൃഷ്ണൻ തന്നെയാണ് വിജയിച്ചുവരുന്നത്. ഇത്തവണയും ഐസി ബാലകൃഷണൻ തന്നെയാണ് കോൺഗ്രസിനു വേണ്ടി രംഗത്ത് ഇറങ്ങുന്നത്. കവിത എഎസ്ആണ് ബിജെപി സ്ഥാനാർത്ഥി. ഇടതുപക്ഷത്തിനുവേണ്ടി രംഗത്ത് ഇറങ്ങുന്നത് എംഎസ് വിശ്വനാഥനാണ്.



