പൊന്നോണവും മീലാദും ഒന്നിച്ചെത്തിയ ദിനത്തില്‍ മതസൗഹാര്‍ദത്തിന്റെ സന്ദേശവുമായി ക്ഷേത്രഭരണസമിതി

പൊന്നോണവും മീലാദും ഒന്നിച്ചെത്തിയ ദിനത്തില്‍ മതസൗഹാര്‍ദത്തിന്റെ സന്ദേശവുമായി ക്ഷേത്രഭരണസമിതി. ഒറ്റപ്പിലാവില്‍ നടന്ന നബിദിന റാലിയെ പാലട പ്രഥമനടക്കം വിളമ്പിയാണ് പൊതിയഞ്ചേരിക്കവ് ക്ഷേത്ര കമ്മിറ്റി സ്വീകരിച്ചത്. ഒറ്റപ്പിലാവ് മഹല്ലും, നൂറുല്‍ സലാം മദ്രസ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ നബിദിന സന്ദേശ റാലിക്ക് പൊതിയഞ്ചേരിക്കവ് ക്ഷേത്ര കവാടത്തിലാണ് ക്ഷേത്രഭരണ സമിതിയും ദേശവിളക്ക് കമ്മിറ്റിയും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കിയത്. തക്ബീര്‍ വിളികളും, കോല്‍ക്കളിയും, ദഫ്മുട്ടുമായി അണിനിരന്ന നബിദിന സന്ദേശ റാലിയെ പാലട പ്രഥമനും മിഠായികളും, മധുര പലഹാരങ്ങളും നല്‍കി സ്വീകരിച്ചത് മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യ സ്‌നേഹത്തിന്റെയും മാതൃകയായി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഇ.എസ് ബാബു, സെക്രട്ടറി കെ.വി ചന്ദ്രദാസന്‍ , ട്രഷറര്‍ ഐനിക്കല്‍ വിശ്വനാഥന്‍, ദേശവിളക്ക് കമ്മിറ്റി ഭാരവാഹികളായ അജീഷ്, ചന്ദ്രദാസന്‍, വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT