തെരുവുനായ ശല്യത്തിന് പരിഹാരം : ചാവക്കാട് എ.ബി.സി പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി.മേഖലയിലെ തെരുവുനായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉള്‍പ്പെടെയുള്ള അപകടങ്ങളും മനുഷ്യാക്രമണങ്ങളും തടയുന്നതിനുമായി ചാവക്കാട് നഗരസഭയും തൃശൂര്‍ ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന എ.ബി.സി പദ്ധതിയുടെ ആദ്യഘട്ടമാണ് നഗരസഭപരിധിയില്‍ വിജയകരമായി പൂര്‍ത്തിയായത്.ചാവക്കാട് നഗരസഭാ വെറ്ററിനറി ആശുപത്രിക്ക് സമീപമുള്ള സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അത്യാധുനിക എ.ബി.സി. സെന്ററിലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2026-27 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് 11 ലക്ഷം രൂപയാണ് നഗരസഭ ഈ ആവശ്യത്തിനായി മാറ്റിവെച്ചിട്ടുള്ളത്. ജൂലൈ 15ന് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ജൂലൈ 18 മുതല്‍ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ നഗരസഭയിലെ 28 വാര്‍ഡുകളില്‍ നിന്നായി ഇതുവരെ 211 ഓളം തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. സുപ്രീംകോടതി വിധികളും കേന്ദ്ര നിയമങ്ങളും വന്യജീവി സംരക്ഷണ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്: ശസ്ത്രക്രിയയ്ക്ക് ശേഷം പ്രത്യേകം സജ്ജമാക്കിയ കൂടുകളില്‍ നായ്ക്കളെ പാര്‍പ്പിക്കും. ആവശ്യമായ പ്രതിരോധ മരുന്നുകള്‍ക്കൊപ്പം പേവിഷബാധയ്‌ക്കെതിരായ വാക്‌സിനും നല്‍കുന്നുണ്ട്.അഞ്ച് ദിവസത്തെ വിദഗ്ദ്ധ പരിചരണത്തിന് ശേഷം നായ്ക്കളെ പിടികൂടിയ അതേ പ്രദേശങ്ങളില്‍ തന്നെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നു.ആദ്യഘട്ടത്തില്‍ നഗരസഭാ പരിധിയിലെ 300 തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയാണ് പ്രധാന ലക്ഷ്യം. ചാവക്കാട്ടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ ഒക്ടോബര്‍ 15ന് ശേഷം ഗുരുവായൂര്‍ നഗരസഭയില്‍ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.ഇതിനായി 8 ലക്ഷം രൂപ വകയിരുത്തിയ ഗുരുവായൂര്‍ നഗരസഭയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഗുരുവായൂരിന് ശേഷം ചാവക്കാട്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള 9 ഗ്രാമപഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതി കൃത്യതയോടെയും ഫലപ്രദമായും മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രദേശത്തെ തെരുവുനായ പെരുപ്പം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്ന് ചെയര്‍പേഴ്‌സന്‍ എ.എച്ച്.അക്ബര്‍ പറഞ്ഞു



