നിര്‍മ്മാണം പൂര്‍ത്തികരിച്ചു കൊണ്ടിരിക്കുന്ന അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡില്‍ പന്നിത്തടം സെന്ററിന് സമീപം റോഡിന്റെ വശം ഇടിഞ്ഞു താണു. നിര്‍മാണത്തിലെ അപാകതയാണെന്ന് കാരണമെന്നാരോപിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പന്നിത്തടം സെന്ററിന് സമീപം നിര്‍മ്മാണം കഴിഞ്ഞ ഭാഗത്താണ് റോഡ് വിണ്ട് പൊട്ടുകയും ഐറിഷ് കോണ്‍ക്രീറ്റ് ഇടിഞ്ഞ് താഴുകയും ചെയ്തത്. ബുധനാഴ്ച്ച രാത്രിയില്‍ ഭാരം കയറ്റിയ വാഹനം വശം ഒതുക്കിയപ്പോഴാണ് റോഡ് തകര്‍ന്നത്. റോഡിന്റെ അരികുവശത്തെ കോണ്‍ക്രീറ്റ് പൊട്ടിപൊളിഞ്ഞ് ഇടിഞ്ഞ് താണു. റോഡിന്റെ വശങ്ങളില് വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. എസ്റ്റിമേറ്റിലെ നിര്‍ദേശങ്ങള്‍ക്ക് വിപരീതമായി തീര്‍ത്തും കനം കുറഞ്ഞ രീതിയിലാണ് പല ഭാഗങ്ങളിലും ടാറിങ്ങും കോണ്‍ക്രീറ്റും നടത്തിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.