ഏകാദശി തിരക്കിന് മുന്നോടിയായി ഗുരുവായൂര്‍ കലോത്സവ നഗരിയില്‍ പൂരത്തിരക്ക്. ചാവക്കാട് ഉപജില്ല കലോത്സവത്തില്‍ ആവേശത്തിരയായി കാണികള്‍ ഒഴുകിയെത്തി. ജനപ്രിയ ഇനങ്ങളായ ഒപ്പന, സംഘനൃത്തം, അറബനമുട്ട്, കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, നാടന്‍ പാട്ട് എന്നീ മത്സരങ്ങളുടെ സ്റ്റേജുകള്‍ക്ക് മുന്നില്‍ കാണികള്‍ തിങ്ങിനിറഞ്ഞു. മേക്കപ്പും റിഹേഴ്‌സലുമായി ക്ലാസ് മുറികള്‍ മത്സരാര്‍ത്ഥികളള്‍ കയ്യടക്കി. വേദികള്‍ക്ക് പുറമേ സ്‌കൂള്‍ ഗ്രൗണ്ടിലും വരാന്തകളിലും അക്ഷരാര്‍ത്ഥത്തില്‍ സൂചി കുത്താന്‍ ഇടമില്ലായിരുന്നു. മുന്‍കാല കലോത്സവങ്ങളെ അപേക്ഷിച്ച് ഇത്തവണ മത്സരാര്‍ത്ഥികളുടെ കുത്തൊഴുക്കാണ്. ഇതില്‍ ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കാണ്. അതുകൊണ്ടുതന്നെ കാണികളായി രക്ഷിതാക്കളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. തിരക്കു വര്‍ധിച്ചതോടെ ലഘു ഭക്ഷണ ശാലകള്‍ക്ക് കൊയ്ത്തായിരുന്നു. സ്‌കൂളിന് പുറത്ത് ഒരുക്കിയിരുന്ന ഭക്ഷണശാലയില്‍ 3500 ഓളം പേര്‍ സദ്യ കഴിച്ചു. 20 വേദികളിലായാണ് മത്സരം നടക്കുന്നത്. ഒട്ടു മിക്കവേദികളും കാണികളെ കൊണ്ട് നിറഞ്ഞിരുന്നു.
കുട്ടികളെന്നോ മുതിര്‍ന്ന വരെന്നോ വ്യത്യാസമില്ലാതെ ഓരോ മത്സരവും മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുക്കാനും മത്സരമായിരുന്നു.
ADVERTISEMENT