ഓണത്തിന് ഒരു കുട്ട പൂവ് എന്ന ലക്ഷ്യവുമായി തൊഴിയൂര്‍ സി.എം.യു.പി സ്‌കൂളില്‍ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. സ്‌കൂളിലെ പിടിഎ യുടെയും വിദ്യാര്‍ഥികളുടെയൂം നേതൃത്വത്തിലാണ് കോമ്പൗണ്ടിലെ പല ഭാഗങ്ങളിലായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ സുഹറ ഹംസമോന്‍ ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ പുഷ്പ മുരളി മുഖ്യാതിഥിയായി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്റ്റെനി കെ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ വി നിര്‍മ്മലന്‍, വൈസ് പ്രസിഡന്റ് ടി രമേശ്, അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളില്‍ തന്നെ നട്ടു വളര്‍ത്തുന്ന ചെടികളില്‍ നിന്നുള്ള പൂക്കള്‍ ലഭ്യമാക്കിക്കൊണ്ട് ഓണസമയങ്ങളില്‍ പൂക്കളം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂകൃഷിക്ക് ആരംഭം കുറിച്ചിരിക്കുന്നത്. ചെണ്ടുമല്ലിക്കൊപ്പം മറ്റുപല പൂച്ചെടികളും വെച്ചു പിടിപ്പിച്ച് വിളവെടുപ്പ് ആവേശമാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍ അധികൃതര്‍.