ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ പാവറട്ടി പോലീസ് പിടികൂടി. വെങ്കിടങ്ങ് പഞ്ചായത്തിലെ കരുവന്തല കോടമുക്ക് യു.പി. സ്‌കൂളിന് സമീപത്ത് നിന്നാണ് മാരക ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ പാവറട്ടി പോലീസ് പിടികൂടിയത്.ശരത്, മുഹമ്മദ് ജസീല്‍, അബ്ദുല്‍ സലാം എന്നിവരാണ് പിടിയിലായത്. ശരത് പാവറട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ്.പാവറട്ടി പോലീസ് സഞ്ച് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പെട്രോളിംഗിനിടെയാണ് മൂവരും പിടിയിലാകുന്നത്. സ്‌കൂളിന് സമീപം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നി പോലീസ് ചോദ്യം ചെയ്യുന്നതിനിടെ, യുവാക്കള്‍ കയ്യിലുണ്ടായിരുന്ന ലഹരിവസ്തുക്കള്‍ അടുത്തുള്ള പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ഇവരെ വിശദമായി പരിശോധിച്ചാണ് ഹാഷിഷ് ഓയില്‍ കണ്ടെടുത്തത്. സ്വയം ഉപയോഗത്തിനായി കൈവശം വെച്ചതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ മൂവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.സി.പി.ഒ മാരായ വിജിത്ത്, . ഹരി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് പ്രദേശത്ത് നിരവധി യുവാക്കള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന നിര്‍ണായക വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ആളൊഴിഞ്ഞ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടക്കുന്നതായ വിവരവും പാവറട്ടി പോലീസിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കുന്നതിനായി രാത്രികാല പട്രോളിങ് ശക്തമാക്കിയിരിക്കയാണ് പാവാട്ടി പോലീസ്.



