ചാലിശ്ശേരി ജി.സി.സി ആര്‍ട്‌സ് ആന്റ് സപോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്യത്തിലുള്ള ജി.സി.സി അക്കാദമി ഹൈസ്‌കൂള്‍ മൈതാനത്ത് നടത്തിയ ഒന്നാമത് അണ്ടര്‍-13 സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഐ.ഡി ഇലവന്‍ സോക്കര്‍ സ്‌കൂള്‍ ഒറ്റപ്പാലം ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ കളിയുടെ രണ്ടാം പകുതിയില്‍ നേടിയ ഏക ഗോളിലാണ് കെ.എസ്,അനയ് നയിച്ച ജി.സി.സി അക്കാദമി ചാലിശ്ശേരിയെ കീഴടക്കിയാണ് റയാന്‍ അസ്ലാം ക്യാപ്റ്റനായ ഐ.ഡി. ഇലവന്‍ സോക്കര്‍ സ്‌കൂള്‍ ഒറ്റപ്പാലം കിരീടം ചൂടിയത്.3 ദിവസങ്ങളിലായി പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നായി 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.ഒരോ മല്‍സരത്തിലും ആക്രമണവും , പ്രതിരോധ നിരയെ മറികടന്നുള്ള മുന്നേറ്റങ്ങളും ഗോള്‍കീപ്പര്‍മാരുടെ മികച്ച സേവുകളും കൊണ്ട് കൊച്ചുതാരങ്ങള്‍ ഫുട്‌ബോള്‍ മികവിന്റെ മനോഹര കാഴ്ചകളാണ് മൈതാനത്ത് സമ്മാനിച്ചത് . നിരവധി രക്ഷിതാക്കളും കായികപ്രേമികളും മത്സരം കാണാന്‍ എത്തി.ഫൈനല്‍ മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സുധീഷ്‌കുമാര്‍ , വാര്‍ഡ് മെമ്പര്‍ ആനിവിനു എന്നിവര്‍ പങ്കെടുത്തു.വൈകീട്ട് നടന്ന സമ്മാനദാന ചടങ്ങില്‍ ജി.സി.സി രക്ഷാധികാരി ബാബു നാസര്‍, വൈസ് പ്രസിഡന്റ് സി.വി. മണികണ്ഠന്‍, സെക്രട്ടറി ജിജു ജേക്കബ്, ട്രഷറര്‍ എ.എം. ഇക്ബാല്‍, ജോയിന്‍ സെക്രട്ടറി ഹമീദ് തുറക്കല്‍, എ.സി.ജോണ്‍സന്‍സലീം അറക്കല്‍ , ബാബു സി പോള്‍, അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ശ്രീരാഗ് അമ്പാടി, അക്കാദമി കോച്ചുമാരായ റംഷാദ് കെ.എച്ച്. , ആഷില്‍ ,നബീല്‍ ,നിഖില്‍, ഷൈബിന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികളില്‍ കായികമനോഭാവവും സൗഹൃദവും വളര്‍ത്താനും വരുംതലമുറയിലെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് ആത്മവിശ്വാസം പകരാനും ഈ ടൂര്‍ണമെന്റിലൂടെ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു.



