30.2 C
Kunnamkulam
Thursday, September 3, 2026
Home Uncategorized ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തി

ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തി

8

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 02 ബുധനാഴ്ച വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്താ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പെരുന്നാളിന്റെ ഭാഗമായി രാവിലെ 10.30 മുതല്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി അധ്യക്ഷനായ ചടങ്ങ് കൊച്ചി ഭദ്രാസനാധിപന്‍ ഡോ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സെമിനാര്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ ഇയ്യോബ് ഒ.ഐ.സി. ആമുഖം നല്‍കി.സുറിയാനി ഭാഷ പഠന മേഖലയിലെ പ്രധാന വിഭാഗമായ മാനുസ്‌ക്രിപ്റ്റ് പഠനം ആര്‍ത്താറ്റ് കുന്നംകുളം പള്ളികളില്‍ വച്ച് എഴുതപ്പെട്ട 12 പൗരസ്ത്യ സുറിയാനി കൈയ്യെഴുത്തുകളെ കുറിച്ച് ഡോ. സിസിറ്റര്‍ ജിന്‍സി ഒത്തോട്ടില്‍ പ്രബന്ധം അവതരിപ്പിച്ചു. ഫാ സ്റ്റീഫന്‍ ജോര്‍ജ്ജ്, ഫാ ടി സി ജേക്കബ് ഫാ കുര്യാക്കോസ് ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.കൂടാതെ പ്രശസ്ത ചരിത്രകാരനും സുറിയാനി പണ്ഡിതനുമായിരുന്ന ഫാ ഡോ ജോസഫ് ചീരനച്ചന്‍ അനുസ്മരണവും നടത്തി. ഫാ ചീരനച്ചനും ആര്‍ത്താറ്റ് പള്ളിയും എന്ന വിഷയത്തില്‍ ഫാ മാത്യു വര്‍ഗ്ഗീസ് കുളങ്ങാട്ടില്‍ ക്ലാസ് നയിച്ചു. മുളന്തുരുത്തി സുന്നഹദോസിന്റെയും പ. പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കര സന്ദര്‍ശനത്തിന്റെയും ദൃക് സാക്ഷി വിവരണമായ കണ്ടനാട് ഗ്രന്ഥവരി കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് രചിച്ച ഒരു ക്ലാസ്സിക് ചരിത്രമാണ്. ഫാ. ഡോ. ജോസഫ് ചീരന്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച കണ്ടനാട് ഗ്രന്ഥവരിയുടെ രണ്ടാം പതിപ്പ് സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു.ആര്‍ത്താറ്റ് പള്ളിയില്‍ നടന്ന ചരിത്ര സെമിനാറില്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് കണ്ടനാട് ഗ്രന്ഥവരി രണ്ടാം പതിപ്പ് കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ സ്റ്റീഫന്‍ ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്തു.’കണ്ടനാട് ഗ്രന്ഥവരി മലങ്കരസഭയുടെ ഒരു ക്ലാസ്സിക് ചരിത്രമാണ്. കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ദൃക്‌സാക്ഷി എന്ന നിലയില്‍ എഴുതിവച്ച ചരിത്രമാണിത്. മുഖ്യമായും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രമാണീ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്. ചരിത്രബോധ്യങ്ങളുള്ള ഒരെഴുത്തുകാരന്‍ വിശദമായ ഡയറികുറിപ്പുകളായി രേഖപ്പെടുത്തിയതാണിത്. സങ്കീര്‍ണ്ണസ്വാഭാവമുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ചരിത്ര സംഭവങ്ങളെ അതില്‍ സാക്ഷിയും പങ്കാളിയുമായ ഒരാള്‍ രേഖപ്പെടുത്തി വച്ചതു മൂലം ചരിത്രഗ്രന്ഥത്തിന്റെ വിശ്വാസ്യതയും പ്രാമാണികതയും നൂറ് ശതമാനവും ലഭിച്ചിട്ടുണ്ട്. വിശുദ്ധ കര്‍മ്മപൗരുഷം കൊണ്ട് മലങ്കരസഭയുടെ വീര്യത്തെ ഉണര്‍ത്തി ജനപങ്കാളിത്തം കൊണ്ട് അസൂയാവഹമായ കര്‍മ്മമേഖലകള്‍ വിജയപൂര്‍വ്വം വെട്ടിത്തുറന്ന പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍ മലങ്കര മെത്രാപ്പോലീത്തായുടെ ഭരണകാലഘട്ടത്തിന്റെ നേര്‍ സാക്ഷ്യമാണീ കൃതി.’വികാരി ഫാ.ടി.സി ജേക്കബ്, സഹവികാരി ഫാ. കുര്യാക്കോസ് ജോണ്‍സണ്‍, കൈസ്ഥാനി റെജി സി. ഐ, സെക്രട്ടറി ഷാജി സി.സി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി പെരുന്നാളിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!