യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ സാഹസിക നീക്കത്തിലൂടെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പിടികൂടി. ചെര്‍പ്പുളശ്ശേരി നെല്ലായ കിഴക്കേക്കര താഴത്തേതില്‍ സുനില്‍ രാജ്, പട്ടാമ്പി ചെറുകോട് തോപ്പില്‍ രാകേഷ് എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം എടവണ്ണ സ്വദേശി കൊളത്തിങ്കല്‍ നൗഫലിനാണ് കഴിഞ്ഞ എട്ടാം തിയതി കുത്തേറ്റത്.കാവീട് വാടകയ്ക്ക് താമസിക്കുന്ന നൗഫലിനെ നവംബര്‍ എട്ടിന് പുലര്‍ച്ചെ 12.30ഓടെ പടിഞ്ഞാറെ നടയില്‍ അപ്പാസ് തിയേറ്ററിന് മുന്നില്‍വെച്ചാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവദിവസം രാത്രി ചാവക്കാട് കടപ്പുറത്ത് വെച്ച് നൗഫലും സുഹൃത്ത് ബെന്നിയും അപരിചിതരായ പ്രതികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് ഇരുവരും കാറില്‍ ഗുരുവായൂരിലേക്ക് വരുന്നതിനിടെ പ്രതികള്‍ പിന്തുടര്ന്നു. ഗുരുവായൂരിലെത്തി കാറില്‍നിന്ന് ഇറങ്ങുന്നതിനിടെ കത്തി ഉപയോഗിച്ച് കൈയില്‍ കുത്തിയെന്നാണ് നൗഫല്‍ പോലീസില്‍ മൊഴി നല്‍കിയത്. പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. സംഭവശേഷം പ്രതികള്‍ ഇരുവരും ഓട്ടോറിക്ഷയില്‍ കുന്നംകുളം ഭാഗത്തേക്ക് പോയെന്ന വിവരം മാത്രമാണ് പോലീസിന് ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്, ടെമ്പിള്‍ എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ്, എസ്.ഐമാരായ കെ.ആര്. വിനു, കെ.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പ്രതികള്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് പാലക്കാട് വരെയുള്ള സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു. സീനിയര്‍ സി.പി.ഒ. വി.എല്‍. സന്ദിഷ് കുമാറും സി.പി.ഒ. എസ്. റമീസും 116 സി.സി.ടി.വി. ക്യാമറകളാണ് ആറു ദിവസത്തിനിടെ പരിശോധിച്ചത്. രാത്രിയായിരുന്നതിനാല്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യക്തമായി കാണാന്‍ കഴിയാത്തത് അന്വേഷണത്തിന് തിരിച്ചടിയായി. ഇതിനിടെയാണ് പ്രതികള്‍ യാത്രയ്ക്കിടെ ഒരു കടയില്‍ കയറി സിഗരറ്റ് വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചത്. പണമായി നല്‍കാതെ ഗൂഗിള്‍ പേ വഴിയായിരുന്നു പണമിടപാട്. ഈ ഡിജിറ്റല്‍ ഇടപാടാണ് പ്രതികളിലേക്ക് എത്താനുള്ള നിര്‍ണായക സൂചനയായത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ ആലുവയില്‍നിന്ന് ട്രെയിനില്‍ കയറിയതായി അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്ന് പിന്നാലെയെത്തിയ പോലീസ് പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയയുടന്‍ ഇരുവരെയും പിടികൂടുകയായിരുന്നു.പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.



