ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിനു മുൻപുള്ള ഉമർ നബിയുടെ വിഡിയോ പുറത്ത്. ആക്രമണത്തെ ന്യായീകരിക്കുന്ന ഇംഗ്ലീഷിലുള്ള വിഡിയോയാണ് പുറത്തുവന്നത്. ഭീകരാക്രമണത്തിന് ഏതാനും ദിവസം മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വിഡിയോ എന്നാണ് വിവരം.
ചാവേർ ആക്രമണത്തെ ന്യായീകരിച്ചാണ് ഉമർ നബിയുടെ സംസാരം:
https://x.com/rishi_suri/status/1990633398239379458
ചാവേർ ആക്രമണം എന്ന ആശയം വളരെ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഉമർ നബി പറയുന്നു. ചാവേർ ആക്രമണം യഥാർഥത്തിൽ ഒരു രക്തസാക്ഷിത്വ പ്രവർത്തനം കൂടിയാണെന്നും വിഡിയോയിൽ വ്യക്‌തമാക്കുന്നു. “ചാവേർ ആക്രമണം സംബന്ധിച്ച് നിരവധി വാദങ്ങളും വൈരുധ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു വ്യക്‌തി ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്തസാക്ഷിത്വ പ്രവർത്തനം എന്ന് പറയുന്നത്” – ഉമർ നബി അവകാശപ്പെടുന്നു.
അതേ സമയം, ഉമർ ഒരു ‘ഷൂ ബോംബർ’ ആയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ഉമർ സ്ഫോടനം നടത്താൻ ഉപയോഗിച്ച കാറിൽനിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് ഇക്കാര്യം വിരൽചൂണ്ടുന്നത്. വാഹനത്തിൻ്റെ വലതുവശത്തെ മുൻ ടയറിനടുത്തുള്ള ഡ്രൈവിങ് സീറ്റിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥർ ഷൂ കണ്ടെടുത്തത്. അതിനുള്ളിൽനിന്ന് ലോഹം പോലെയുള്ള ഒരു വസ്‌തു കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം നടത്താൻ ഉപയോഗിച്ചത് ഈ വസ്‌തുവാണെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം.



