ദില്ലി തെരുവില്‍ കത്തിപ്പടര്‍ന്ന പാറ്റ പ്രക്ഷോഭത്തിനു മുന്നില്‍ കീഴടങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാര്‍ഥികളും യുവാക്കളും ഡല്‍ഹിയുടെ തെരുവുകളിലേക്ക് ഇരച്ചെത്തിയതോടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ഇന്ന് ഉച്ചയോടെ സിജെപി പ്രതിനിധികളുമായി കേന്ദ്രം ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് മുമ്പ് തന്നെ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയായിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാരും കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കളും വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ മാത്രം തീരുമാനം ആയിരുന്നില്ല. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചേ തീരു എന്ന ആവശ്യത്തിലായിരുന്നു പ്രതിഷേധക്കാരും പ്രതിപക്ഷവും. ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി നഷ്ടപരിഹാരം, പ്രതിഷേധക്കാര്‍ക്കെതിരേ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട ആവശ്യത്തില്‍ ഇന്ന് തീരുമാനം അറിയിക്കാം എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. തുടര്‍ന്ന് ഇന്ന് കടുത്ത പ്രക്ഷോഭത്തിലേക്ക് പാറ്റകള്‍ കടന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം പടരുകയും ചെയ്തു. ഇതിനിടെയാണ് മന്ത്രി രാജി സമര്‍പ്പിച്ചത്.



