ശക്തമായ മഴയില്‍ കുന്നംകുളം തെക്കേപുറത്ത് വീട് ഭാഗികമായി തകര്‍ന്നു. തെക്കേപ്പുറം സ്വദേശിനി അമ്മാട്ട് വീട്ടില്‍ സുജാതയുടെ വീടാണ് തകര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് വീടിന്റെ മുന്‍വശത്തെ ഭാഗം തകര്‍ന്നുവീണത്. മണ്ണും കല്ലും ഉപയോഗിച്ച് നിര്‍മ്മിച്ച വീട്ടില്‍ സുജാതയും വിദ്യാര്‍ത്ഥികളായ മക്കളുമാണ് താമസം. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവ് കാന്‍സര്‍ബാധിതനായി മരിച്ചിരുന്നു. ഇതോടെ കുന്നംകുളത്തെ ബുക്ക് ബൈന്‍ഡിങ് സ്ഥാപനത്തില്‍ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. വീട് തകര്‍ന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സുജാത. വീടിന്റെ ബാക്കിഭാഗം ഏത് നിമിഷവും തകര്‍ന്നുവീഴാറായ സാഹചര്യത്തില്‍ നാട്ടുകാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് താല്‍ക്കാലികമായി ബന്ധു വീട്ടിലേക്ക് താമസം മാറാന്‍ ഒരുങ്ങുകയാണ് ഇവര്‍. ഏറെ പ്രതിസന്ധിയില്‍ ജീവിക്കുന്ന ഇവര്‍ക്ക് ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം