പഴഞ്ഞി കോട്ടലിലെ ആശുപത്രി ആക്രമണ കേസിലെ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പഴഞ്ഞി അയിനൂർ സ്വദേശി 26 വയസ്സുള്ള വിഷ്ണുരാജ്, പഴഞ്ഞി അരുവായി സ്വദേശി അതുൽ കൃഷ്ണ,പഴഞ്ഞി അയിനൂർ സ്വദേശി ശ്രേയസ് എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ വിഷ്ണുരാജ് അച്ഛനെ ഡോക്ടറെ കാണിക്കാനായി വരികയും ഈ സമയത്ത് ഡോക്ടറെ കാണാൻ പറ്റാത്തതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നേഴ്സായ ഫൈസൽ, ആംബുലൻസ് ജീവനക്കാരി അശ്വിനി, അറ്റൻഡർ അനിതകുമാരി എന്നിവരെ മൂന്നുപേരും ചേർന്ന് ആക്രമിക്കുകയും മെയിൽ നേഴ്സ് ഫൈസലിന്റെ മൊബൈൽ ഫോണുമായി കടന്നു കളയുകയുമായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.