വാകയില്‍ ജൈവകര്ഷകന് നന്ദന്റെ തോട്ടത്തില്‍ തണ്ണിമത്തന് വിളവെടുപ്പ് നടത്തി. വാക കണ്ണഞ്ചേരി കുടുംബക്ഷേത്രത്തിന് പിറക് വശത്തായുള്ള കൃഷിയിടത്തില്‍ നടത്തിയ തണ്ണിമത്തന് കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. പഞ്ചായത്തിലെ മികച്ച ജൈവകര്‍ഷകനുള്ള പുരസ്കാരം നേടിയിട്ടുള്ള നന്ദന് പാട്ടത്തിനെടുത്ത സ്ഥലത്താണ് ജൈവ കൃഷിയില്‍ പരീക്ഷണങ്ങള്‍ നടത്തിവരുന്നത്. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പ്രസാദ് വാക അധ്യക്ഷനായി.
പഞ്ചായത്ത് അംഗം രാജി മണികണ്ഠന്, കൃഷി ഓഫീസര്‍ സി.ആര്. രാജേഷ്, ജില്ലയിലെ മികച്ച ജൈവ കര്‍ഷകയ്ക്കുള്ള പുരസ്കാരം നേടിയ ബ്രഹ്മകുളം സ്വദേശിനി ഷീജ കല്ലായില്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തണ്ണിമത്തന് കൂടാതെ വിവിധയിനം പച്ചക്കറികളും നന്ദന് കൃഷി ചെയ്ത് വരുന്നുണ്ട്. റമദാന് നോമ്പനുഷ്ഠാന സമയമായതിനാല്‍ വിളവെടുത്ത് അധികം സമയം കഴിയുന്നതിന് മുന്‍പ് തന്നെ തണ്ണിമത്തന് വിറ്റഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നന്ദന്.



