വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഉരുൾപൊട്ടൽ ദുരന്ത ബാധിതർ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനം പുറത്ത് വിട്ട ആദ്യഘട്ട പുനരധിവാസ പട്ടികയിൽ അർഹരായവർ ഉൾപ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്. പുനരധിവാസം വൈകുന്നതിലും സമരം നടത്താനാണ് നീക്കം.
കേന്ദ്രത്തിനെതിരെ മന്ത്രി
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ശ്രമിക്കുന്ന കേരളത്തിന് മുന്നിൽ കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുകയാണെന്ന് മന്ത്രി കെ രാജൻ ആരോപിച്ചു. കേന്ദ്രം, വയനാട് ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാടാണ് ആദ്യം തന്നെ എടുത്തത്. റിമൈന്ററിനെ കുറിച്ച് ഒരക്ഷരം പോലും പറയാതെ അവസാനിപ്പിച്ചു. ഉപാധികൾ ഇല്ലാത്ത ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. ഇപ്പോൾ കേന്ദ്രം നൽകിയത് വായ്പയാണ്. തന്ന വായ്പക്ക് മുകളിൽ തന്നെ കേന്ദ്രം വെച്ചിരിക്കുന്ന നിബന്ധനകൾ പേടിപ്പിക്കുന്നതാണ്. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന് വാശിയോടെ കേന്ദ്രം പറയുന്നു. ദുരന്തബാധിതരോടുള്ള കേന്ദ്ര സമീപനത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും കെ രാജൻ ആരോപിച്ചു.
വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലാണ് 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ വായ്പ അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷൻ , റോഡുകള്‍, പാലം, വെള്ളാര്‍മല,മുണ്ടക്കൈ സ്കൂളുകളുടെ പുനര്‍നിര്‍മാണം,വൈത്തിരി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ പദ്ധതികളിലെ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.