പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ നവീകരണം പൂര്‍ത്തീകരിച്ച വടക്കേ പടിപ്പുര മാളികയുടെ കൂദാശ നടത്തി

24

ചരിത്ര പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ നവീകരണം പൂര്‍ത്തീകരിച്ച വടക്കേ പടിപ്പുര മാളികയുടെ കൂദാശ നടത്തി. ഇടവകാംഗമായ പി.സി സൈമനാണ് അമ്പത് ലക്ഷം രൂപ ചെലവഴിച്ച് തന്റെ സഹധര്‍മ്മിണിയുടെയും മാതാപിതാക്കളുടെയും പാവന സ്മരണയ്ക്കായി ജീര്‍ണ്ണാവസ്ഥയിലായിരുന്ന വടക്കേ പടിപ്പുര മാളിക നവീകരിച്ചു നല്‍കിയത്. പണ്ടുകാലത്ത് സഭയുടെ ഔദ്യോഗിക കാര്യങ്ങള്‍ നടന്നിരുന്നതും തിരുമേനിമാര്‍ പഴഞ്ഞിയില്‍ എത്തുമ്പോള്‍ താമസിച്ചിരുന്നതും ഈ മാളികയിലായിരുന്നു. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന കൂദാശ കര്‍മ്മത്തിന് കുന്നംകുളം ഭദ്രാസന അധിപന്‍ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യ ധാര്‍മികത്വം വഹിച്ചു. ഫാദര്‍ ജോസഫ് തോലത്ത് എപ്പിസ്‌കോപ്പ, ഇടവക വികാരി ഫാദര്‍ ഐസക് ജോണ്‍, സഹവികാരി ഫാദര്‍ ആന്റണി പൗലോസ് എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് മാളികയുടെ പഴമ ഒട്ടും കൈമോശം വരാതെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആര്‍ക്കിടെക് ഡോക്ടര്‍ ഷൈന്‍ സി സണ്ണിയെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെയും മെത്രാപ്പോലീത്ത ഉപഹാരം നല്‍കി അനുമോദിച്ചു. പള്ളി സെക്രട്ടറി സലില്‍ സി സൈമണ്‍, കൈക്കാരന്‍ സി ജെ സന്തോഷ്, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.