കാട്ടുപന്നികളുടെ ആക്രമണത്തില്‍ വലഞ്ഞ് നെല്‍കര്‍ഷകര്‍

 

വേലൂര്‍ പാടശേഖരത്തിലാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ വന്ന് ഞാറുകള്‍ നശിപ്പിക്കുന്നത്. തണ്ടിലം തിരുത്ത് പാടശേഖരത്തില്‍ ചിങ്ങമാസത്തില്‍ വിത്തിറക്കിയ മണ്ടരി പറമ്പില്‍ ശ്രീധരന്‍,ദിലീപ് കുമാര്‍ ,പടിഞ്ഞാറൂട്ട് പ്രദീപന്‍, എന്നിവരുടെ കൃഷി ഭൂമിയിലാണ് കാട്ടുപന്നികള്‍ കയറിയത്. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി, കൃഷി ഓഫീസര്‍ അഞ്ജന, എന്നിവരടങ്ങുന്ന സംഘം കൃഷിയിടം സന്ദര്‍ശിക്കുകയും വേണ്ട പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ടോര്‍ച്ചു പോലുള്ള ലൈറ്റുകളടിച്ച് പന്നികളെ ഓടിച്ചകറ്റുകയാണ് ഇതുവരെ ചെയ്തിരുന്നത്. രാത്രികൃഷിക്കാര്‍ പോയതിനു ശേഷം മണ്ണിരവളം ഉപയോഗിക്കുന്ന വയലുകളിലെ മണ്ണിരകളെ ലക്ഷ്യമാക്കിയാണ് പന്നികള്‍ വരുന്നതെന്നാണ് കൃഷിക്കാര്‍ പറയുന്നത്. ഒരുമാസം കഴിഞ്ഞ ഞാറുകളായതിനാല്‍ നശിപ്പിച്ച ഭാഗത്തേക്ക് ഞാറുകള്‍ വലിച്ചു കുത്തി ഒഴിഞ്ഞിടം നികത്താനും സാധിക്കില്ലെന്നതാണ് കര്‍ഷകരുടെ വിഷമം. ബാക്കിയുള്ള കൃഷിയിടത്തിലെ വിളകളെങ്കിലും സംരക്ഷിക്കാന്‍ അധികാരികള്‍ എത്രയും വേഗം വേണ്ട നടപടികളെടുക്കണമെന്ന കര്‍ഷകരുടെ ആവശ്യം ശക്തമാവുകയാണ്.