24.9 C
Kunnamkulam
Friday, August 14, 2026
Home CCTV Desk യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു

യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു

287

യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം.

യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററുകളും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടതും ബാവയാണ്. പുത്തന്‍കുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളില്‍ കുടുംബത്തില്‍ മത്തായിയുടേയും കുഞ്ഞാമയുടേയും എട്ട് മക്കളില്‍ ആറാമത്തെയാളായി 1929 ജൂലായ് 22 നാണ് ശ്രേഷ്ഠ ബാവ ജനിച്ചത്. കുഞ്ഞ്കുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. കഠിനരോഗങ്ങള്‍ മൂലം പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. കുറച്ച് നാള്‍ അഞ്ചലോട്ടക്കാരനായി ജോലി ചെയ്തു. ആത്മീയ കാര്യങ്ങളില്‍ തല്‍പരനായിരുന്ന കുഞ്ഞ്കുഞ്ഞ് പിറമാടം ദയാറയില്‍ വൈദികപഠനത്തിന് ചേര്‍ന്നു. 1958 സെപ്റ്റംബര്‍ 21ന് മഞ്ഞനിക്കര ദയാറയില്‍ വച്ച് അന്ത്യോഖ്യ പ്രതിനിധി ഏലിയാസ് മോര്‍ യൂലിയോസ് ബാവയില്‍ നിന്നും ഫാദര്‍ സി എം തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദികപട്ടമേറ്റു.

വൈദികന്‍, ധ്യാനഗുരു, സുവിശേഷ പ്രസംഗകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങിയ നിലളില്‍ മികച്ച് പ്രവര്‍ത്തനമാണ് തോമസ് അച്ചന്‍ കാഴ്ച്ചവെച്ചത്. സഭയുടെ അവകാശ പോരാട്ടങ്ങളിലെ മുന്നണിപോരാളിയായിരുന്നു അദ്ദേഹം. പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുകയും ഭദ്രാസനങ്ങള്‍ സ്താപിച്ചും സഭയ്ക്ക് വിസ്മയ വളര്‍ച്ച പ്രദാനം ചെയ്തു. പതിമൂന്ന് മെത്രാപോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തു. എല്ലാ വിഭാഗത്തില്‍പ്പെട്ടവരുമായും  സൗഹൃദം പുലര്‍ത്തിയരുന്ന ശ്രേഷ്ഠബാബാവയ്ക്ക് രാഷ്ടീയരംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.

1973 ഒക്ടോബര്‍ 11ന് അങ്കമാലി ഭദ്രാസന മെത്രപോലീത്തയായി തിരഞ്ഞെടുത്തു. പരിശുദ്ധ അഗ്നാത്തിയോസ് യാക്കൂബ് തൃതീയന് പാത്രിയര്‍ക്കീസ് ബാവ 1974 ഫെബ്രുവരി 24 ന് ദമസ്‌കസില്‍ വച്ച് ദിവന്നാസ്യോസ് എന്ന പേരില്‍ മെത്രാപോലീത്തയായി അഭിഷേകം ചെയ്തു. മെത്രപോലീത്ത എന്ന നിലയില്‍ ഭരണവും സമരവും ഒരുമിച്ച് നടത്തേണ്ട അവസ്ഥായിരുന്നു അന്ന്. ആലുവ തൃക്കുന്നത്ത് പള്ളി സമരത്തോടനുബന്ധിച്ച് ശ്രേഷ്ഠ പിതാവ് നടത്തിയ 44 ദിവസത്തെ ഉപവാസം ഏറെ പ്രസിദ്ധമാണ്. കണ്യാട്ടുനിരപ്പിലും കോലഞ്ചേരിയിലും വലമ്പൂരും മാമലശ്ശേരിയിലും പുത്തന്‍കുരിശിലും വിശ്വാസ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി പോലീസ് മര്‍ദ്ദനം, അറസ്റ്റ്, ജയില്‍വാസം എന്നിവക്കെല്ലാം വിധേയനായി. 1999 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റും
2000 ഡിസംബര്‍ 27ന് കാതോലിക്കയായും തിരഞ്ഞെടുക്കപ്പെട്ടു. അനാരോഗ്യം മൂലം 2019 ഏപ്രില്‍ 27നാണ് മെത്രാപോലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞത്.

ADVERTISEMENT
error: Content is protected !!