ഭരണഘടന ഉയർത്തി പിടിക്കുന്ന വിധി, വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്; ഗവർണർക്കെതിരെ എംഎ ബേബി

 പ്രതീക്ഷ നൽകുന്ന സുപ്രീംകോടതി വിധി അംഗീകരിക്കാൻ ഗവർണർ തയ്യാറാകണമായിരുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. കേരള ഗവർണർ അത് അത് ഉൾക്കൊള്ളുന്നില്ലെന്ന് മനസ്സിലാക്കുന്നു. സുപ്രീംകോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ്. ഭരണഘടന ഉയർത്തി പിടിക്കുന്ന വിധിയാണിതെന്നും എം എ ബേബി.

ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ഗവർണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത്. രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ലെന്നും എംഎ ബേബി. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ  ഗവർണർമാർക്ക് എന്നും എം എ ബേബി ചോദിച്ചു.

ഗവർണ്ണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി വിധിയെത്തുടർന്നായിരുന്നു ഗവർണറുടെ പ്രതികരണം. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നത്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീം കോടതി വിധിക്ക് പിന്നാലെ, ഉത്തരവിനെ വിമര്‍ശച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രംഗത്തെത്തി. സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെന്ന് കേരള ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം പാർലമെൻറിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാർക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അർലേക്കർ വിമര്‍ശിച്ചു.

രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്ന് സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിർദേശിച്ചത്.

ADVERTISEMENT