24.6 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu യാത്രാദുരിതം പേറി വിദ്യാര്‍ത്ഥികളും പ്രദേശവാസികളും വലയുന്നു.

യാത്രാദുരിതം പേറി വിദ്യാര്‍ത്ഥികളും പ്രദേശവാസികളും വലയുന്നു.

യാത്രാദുരിതം പേറി വിദ്യാര്‍ത്ഥികളും പ്രദേശവാസികളും വലയുന്നു. കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലിശ്ശേരി കോടതിപ്പടി – മുല്ലപ്പള്ളിക്കുന്ന് റോഡിലെ കുഴികളും വെള്ളക്കെട്ടുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. തിപ്പിലിശ്ശേരി സെന്ററിനു സമീപം റോഡ് തുടങ്ങുന്നിടത്ത് വലിയ വെള്ളക്കെട്ടാണ്. ശക്തമായ മഴയുള്ള സമയത്ത് എഎല്‍പി സ്‌കൂളിലേക്കുള്ള കുട്ടികള്‍ മുട്ടോളം വെള്ളത്തിലൂടെ പോകേണ്ട അവസ്ഥയാണ്. പള്ളിക്കുളം വരെ 2 കിലോ മീറ്ററോളം ഇതേ സ്ഥിതിയാണ്. തൊട്ടടുത്തുള്ള കോടതിപ്പടി-മുല്ലപ്പള്ളിക്കുന്ന് റോഡും തകര്‍ന്നു കിടപ്പാണ്. അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് പുതുക്കി പണിതപ്പോള്‍ ആവശ്യത്തിനു കാനകള്‍ നിര്‍മിക്കാത്തതിനാല്‍ ഈ ഭാഗത്തു നിന്നുള്ള വെള്ളം മുഴുവന്‍ ഒഴുകിയെത്തുന്നതു കോടതിപ്പടി റോഡിലേക്കാണ്. കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച ശേഷം റോഡ് പൂര്‍വസ്ഥിതിയില്‍ ആക്കാത്തതു കൊണ്ടുള്ള കുഴികള്‍ വേറെയും. റോഡുകളുടെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്കു മുന്‍പു പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും ഫലമുണ്ടായില്ല. മഴക്കാലം തുടങ്ങിയ സാഹചര്യത്തില്‍ ഈ റോഡുകള്‍ പുതുക്കിപ്പണിയാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതുവരെ നാട്ടുകാരുടെ യാത്രാദുരിതം തുടരും.

ADVERTISEMENT
error: Content is protected !!