നാട്ടുകാര്‍ അടച്ച കെട്ടിടനികുതി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കടവല്ലൂര്‍ പഞ്ചായത്ത് ക്ലാര്‍ക്ക് കുടുങ്ങി. തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കുള്ള കെ – സ്മാര്‍ട്ട് ആപ്ലിക്കേഷന്റെ സാങ്കേതിക പോരായ്മ മുതലെടുത്താണ് ക്ലാര്‍ക്ക് പി.എസ്.സാജിത്ത് തട്ടിപ്പു നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. കെട്ടിട ഉടമകള്‍ നല്‍കുന്ന തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം കെ-സ്മാര്‍ട്ട് ആപ്പില്‍ വ്യാജ യുപിഐ ഐഡി നല്‍കിയാണ് ഇദ്ദേഹം ക്രമക്കേട് നടത്തിയത്. തുടര്‍ന്ന് ആപ്പില്‍ നിന്ന് ഔദ്യോഗിക നികുതി രസീത് ഡൗണ്‍ലോഡ് ചെയ്ത് ഉടമകള്‍ക്ക് നല്‍കും. സര്‍ക്കാരിന്റെ യഥാര്‍ഥ രസീത് ലഭിക്കുന്നതിനാല്‍ നികുതിദായകര്‍ തട്ടിപ്പ് അറിഞ്ഞിരുന്നില്ല. നികുതി സ്വീകരിക്കുമ്പോള്‍ പണം പഞ്ചായത്തിന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള സാങ്കേതികവിദ്യ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ ഇല്ലാത്തത് തട്ടിപ്പ് എളുപ്പമാക്കി. ൗയിടെ ചുമതലയേറ്റ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ തട്ടിപ്പാണു കണ്ടെത്തിയത്. തട്ടിപ്പ് പുറത്തായതോടെ 31 ഇടപാടുകളിലായി തട്ടിയെടുത്ത 3 ലക്ഷത്തി 76,641 രൂപ സാജിത് പഞ്ചായത്തിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് തിരിച്ചടച്ചു. കുറ്റസമ്മതവും, എത്ര തവണയായി എത്ര തുക എടുത്തു എന്ന വിശദീകരണമുള്ള കത്തും സെക്രട്ടറിക്കു നല്‍കിയിട്ടുണ്ട്.സ്വന്തം ഐഡിയില്‍ മാത്രമല്ല സഹപ്രവര്‍ത്തകരുടെ ഐഡിയില്‍ ലോഗിന്‍ ചെയ്തും സാജിത് തട്ടിപ്പു നടത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ വകുപ്പിന്റെ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഓഫിസില്‍ പരിശോധന നടത്തി. കഴിഞ്ഞ 4 വര്‍ഷമായി സാജിത് കടവല്ലൂര്‍ പഞ്ചായത്തില്‍ ജോലി ചെയ്യുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലും നടപ്പു സാമ്പത്തിക വര്‍ഷത്തിലും സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നും പരി ശോധിക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ഓഫിസ് വ്യക്തമാക്കി.



