എന്‍എസ്എസ് തണല്‍ ഭവന പദ്ധതിയിലൂടെ നിര്‍മ്മിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ദാനം നടന്നു

തൃശ്ശൂര്‍ ജില്ല ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ തണല്‍ ഭവന പദ്ധതിയിലൂടെ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ മുന്‍ എന്‍എസ്എസ് വളണ്ടിയറിനായി നിര്‍മ്മിച്ച കുന്നംകുളം ക്ലസ്റ്ററിലെ ആദ്യ സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ദാനമാണ് നടന്നത്. ഇതോടൊപ്പം ഡിമെന്‍ഷ്യ പകല്‍ വീട്, സ്മൃതി പദത്തിലേക്കുള്ള ജില്ലാതല സഹായ വിതരണോദ്ഘാടനവും നിര്‍വ്വഹിച്ചു.

ചടങ്ങില്‍ കുന്നംകുളം എംഎല്‍എ എ സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ആര്‍ എന്‍ അന്‍സര്‍ പദ്ധതി വിശദീകരണം ചെയ്തു. എന്‍എസ്എസ് സംസ്ഥാന പ്രോഗ്രാം കോഡിനേറ്റര്‍ ജേക്കബ് ജോണ്‍്സന്ദേശം നല്‍കി. യോഗത്തില്‍ ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ അക്ബര്‍, കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍, സാമൂഹിക നീതി വകുപ്പ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ടി എ താഹിറ തുടങ്ങിയവര്‍ സംസാരിച്ചു.