എരുമപ്പെട്ടി മൃഗാശുപത്രിയില്‍ ഡി.വൈ.എഫ്.ഐ ശുചീകരണം നടത്തി

പ്രളയത്തില്‍ മുങ്ങിയ എരുമപ്പെട്ടി സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ വന്‍ നാശനഷ്ടം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി. നെല്ലുവായിലെ വെള്ളമൊഴുകുന്ന തോടിന് സമീപമാണ് എരുമപ്പെട്ടി വെറ്റിനറി ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. ശക്തമായ മഴയില്‍ എരുമപ്പെട്ടി പുഴ കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മൃഗാശുപത്രി കെട്ടിടത്തിന്റെ പകുതിയിലധികം ഭാഗം മുങ്ങിപ്പോയി. ആശുപത്രിയിലെ ഫര്‍ണ്ണീച്ചറും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും മരുന്നുകളും വെള്ളം കയറി നശിച്ചു. വെള്ളമിറങ്ങിയപ്പോള്‍ ആശുപത്രി കെട്ടിടത്തിനകത്ത് മണ്ണും ചെളിയും അടിഞ്ഞ് കൂടിയ അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ എരുമപ്പെട്ടി, കുണ്ടന്നൂര്‍ മേഖല കമ്മിറ്റികള്‍ സംയുക്തമായി ശുചീകരണം നടത്തിയത്. ഭാരവാഹികളായ ആര്‍.മിഥുന്‍ലാല്‍, നന്ദന കൃഷ്ണ, എന്‍.എം മിഥുന്‍, എം.വി.വിനീത്, പി.പി ഷിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.