തൃശൂര്‍ റവന്യു ജില്ലാ കായികോത്സവത്തില്‍ ക്രോസ് കണ്‍ട്രി ഓട്ടമത്സരത്തില്‍ വടക്കാഞ്ചേരി ഉപജില്ലയിലെ ചെറുതിരുത്തി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി കെ .കെ അഭിഷേകും, മാള ഉപജില്ലയിലെ ആളൂര്‍ എച്ച് എന്‍ വി .എച്ച്.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ടി. യു ആവന്തികയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 12 ഉപജില്ലകളില്‍ നിന്നായി 25 ആണ്‍കുട്ടികള്‍ പങ്കെടുത്ത 6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓട്ട മത്സരം വെള്ളറക്കാട് വില്ലേജ് പരിസരത്തു നിന്നും, 19 പെണ്‍കുട്ടികള്‍ പങ്കെടുത്ത 4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓട്ട മത്സരം മരത്തംകോട് മാര്‍ക്കറ്റ് പരിസരത്തു നിന്നും രാവിലെ 6. 30ന് ആരംഭിച്ചു.
കായിക അധ്യാപകരുടെ നിര്‍ദ്ദേശാനുസരണം റോഡിനു ഇടതുവശത്തുകൂടെ ഓടുന്ന കുട്ടികള്‍ക്ക് പുറകില്‍ അവശ്യ സര്‍വ്വീസായി കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടു കൂടിയ ആംബുലന്‍സും അനുഗമിച്ചു. മത്സരാര്‍ത്ഥികള്‍ക്ക് വഴിയരികില്‍ കുടിവെള്ള സൗകര്യം ഒരുക്കിയിരുന്നു. വടക്കാഞ്ചേരി റോഡിലെ കുരിശുപള്ളിക്ക് സമീപമുള്ള ഫിനിഷിംഗ് പോയന്റില്‍ മത്സരം അവസാനിച്ചു.