പൊതുസ്ഥലങ്ങളിലും, കൃഷിയിടങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി, ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ സംസ്ഥാന പാതയോരത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഔപചാരിക ഉദ്ഘാടനം നടത്തി. 2024 – 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് മൂന്ന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. ഇതോടെ ശുചിമുറി മാലിന്യമടക്കം കൃഷിയിടങ്ങളില്‍ തള്ളുന്നവരെ കണ്ടെത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ക്യാമറയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍ പറഞ്ഞു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. കടവല്ലൂര്‍ – കൊള്ളഞ്ചേരി പാടശേഖരസമിതി അംഗങ്ങളായ ജനാര്‍ദ്ദനന്‍, ഗോപി, ശശിധരന്‍, മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് പരിശോധിക്കാവുന്ന തരത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.



