ആഘോഷപൊലിമയില്‍ കുന്നംകുളം നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങ്

ആഘോഷപൊലിമയില്‍ കുന്നംകുളം നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങ്. നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താര മനോഹരന്‍ വരണാധികാരിയായി. മുതിര്‍ന്ന കൗണ്‍സിലര്‍ പുഷ്പ ജോണ്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് 38 കൗണ്‍സിലര്‍മാര്‍ക്കും പുഷ്പ ജോണ്‍ സത്യവാചകം ചൊല്ലി പ്രതിജ്ഞയെടുപ്പിച്ചു.
നഗരസഭ സെക്രട്ടറി കെ.കെ മനോജ് സ്വാഗതവും, നഗരസഭ എഞ്ചിനീയര്‍ ബിനോയ് ബോസ് നന്ദിയും പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍, പ്രവര്‍ത്തകര്‍, സ്ഥാനാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

39 അംഗ ഭരണസമിതിയില്‍ 18 സീറ്റ് നേടിയ എല്‍ഡിഎഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫിന് 09 അംഗങ്ങളും, ബിജെപിയ്ക്ക് 07 അംഗങ്ങളും ആര്‍എംപിയ്ക്ക് 04 അംഗങ്ങളുമുണ്ട്.ഒരു കോണ്‍ഗ്രസ്സ് വിമതയും വിജയിച്ചിരുന്നു. 2015ലും, 2020ലും കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ട് കൂടി സിപിഎം നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാധിപത്യമുന്നണിയാണ് ഭരണം നടത്തിയിരുന്നത്. ഇതേ സ്ഥിതിവിശേഷം തന്നെ ഇക്കുറിയും തുടരും. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന സമയത്ത് ഭരണത്തിനായ് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടന്നിരുന്നുവെങ്കിലും പിന്നീട് യുഡിഎഫ് പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റും, യുഡിഎഫ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനുമായിരുന്ന അഡ്വ.സി.ബി.രാജീവ് വ്യക്തമാക്കിയിരുന്നു.ഇതോടെ ശനിയാഴ്ചത്തെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാകില്ലെന്നാണ് സൂചനകള്‍.

ADVERTISEMENT