ഗുരുവായൂര്‍ ക്ഷേത്രോത്സവത്തില്‍ പള്ളിവേട്ടയിലെ ശബ്ദം രാമന്‍ മേനോന്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ടയില്‍ പതിറ്റാണ്ടുകളായി പാരമ്പര്യത്തിന്റെ ശബ്ദമായിരുന്ന കൊളാടി തറവാട്ടിലെ കാരണവര്‍ രാമന്‍ മേനോന്‍ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഭഗവാന്റെ പള്ളിവേട്ട ചടങ്ങില്‍ ‘മനുഷ്യഗണം ഉണ്ട്’ എന്ന് മറുപടി നല്‍കുന്ന പ്രധാന അവകാശിയായിരുന്നു അദ്ദേഹം. ഉത്സവത്തിന്റെ ഒന്‍പതാം നാളിലാണ് ഭഗവാന്‍ നായാട്ടിനിറങ്ങുന്ന പള്ളിവേട്ട നടക്കുന്നത്. ഇത്തവണ മാര്‍ച്ച് ഒമ്പതിനാണ് പള്ളിവേട്ട. കിഴക്കേ നടയിലെ കല്യാണമണ്ഡപത്തിന് സമീപം മാരാര്‍ ശംഖുനാദം മുഴക്കിക്കഴിഞ്ഞാല്‍, പുതിയേടത്ത് തറവാട്ടിലെ പിഷാരടി ഉച്ചത്തില്‍ മനുഷ്യഗണങ്ങള്‍ ഉണ്ടോ? എന്ന് ഉച്ചത്തില്‍ ചോദിക്കും.

കൊളാടി തറവാട്ടിലെ കാരണവവരുടെ ‘ഉണ്ട്’ എന്ന ഉറച്ച മറുപടിയോടെയാണ് ചടങ്ങുകള്‍ മുന്നോട്ട് നീങ്ങുന്നത്. മൃഗയാ വിനോദത്തിന് പുറപ്പെടുന്ന ഭഗവാന് തുണയായി മനുഷ്യഗണങ്ങള്‍ കൂടെയുണ്ടെന്ന ഈ സാക്ഷ്യപ്പെടുത്തല്‍ ഉത്സവത്തിലെ ഏറ്റവും ആകര്‍ഷകമായ ആചാരങ്ങളിലൊന്നാണ്. വര്‍ഷങ്ങളായി ഈ ചടങ്ങ് നിര്‍വ്വഹിച്ചിരുന്നത് രാമന്‍ മേനോനായിരുന്നു. വരാനിരിക്കുന്ന ഉത്സവനാളുകളില്‍ ഈ മറുപടി നല്‍കാന്‍ കാത്തുനില്‍ക്കാതെയാണ് രാമന്‍ മേനോന്‍ ഭഗവത് പാദങ്ങളിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗം ഗുരുവായൂരിലെ പാരമ്പര്യ ചടങ്ങുകളെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണ്. ഭക്തിയും ആചാരനിഷ്ഠയും മുറുകെപ്പിടിച്ച ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം.

ADVERTISEMENT