2026 മാർച്ച് മൂന്നിന് സംഭവിക്കാനിരിക്കുന്ന സമ്പൂർണ ചന്ദ്രഗ്രഹണത്തെ ആവേശത്തോടെ കാത്തിരിക്കുകയാണ് അമേരിക്കയിൽ ഉടനീളമുള്ള ആകാശനിരീക്ഷകർ. ചൊവ്വാഴ്ച പുലർച്ചെയോടെ ദൃശ്യമാകുന്ന ഈ അപൂർവ ആകാശ വിസ്‍മയം 2029 വരെ യുഎസില്‍ എവിടെയും വീണ്ടും കാണാനാകില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് മുന്നോടിയായി നാസയുടെ സയന്‍റിഫിക് വിഷ്വലൈസേഷൻ സ്റ്റുഡിയോ യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ ഗ്രഹണം കാണാനാകുന്ന സമയക്രമങ്ങളും വിശദമായ മാപ്പുകളും പുറത്തുവിട്ടിട്ടുണ്ട്.
വിസ്‌മയ സമ്പൂര്‍ണ ചന്ദ്രഗ്രഹണം വരുന്നു
മാർച്ച് മാസത്തിലെ പൗർണമി ‘വേം മൂൺ’ എന്ന പേരിലാണ് പരമ്പരാഗതമായി അറിയപ്പെടുന്നത്. മണ്ണ് ഉരുകി മണൽകിളികൾ വീണ്ടും മണ്ണിൽ നിന്ന് പുറത്തെത്തുന്ന വസന്തകാലത്തിന്‍റെ തുടക്കത്തെ സൂചിപ്പിക്കുന്നതാണ് ഈ പേര്. വടക്കൻ അർധഗോളത്തിലെ ശീതകാലത്തിലെ മൂന്നാമത്തെയും അവസാനത്തെയും പൗർണമിയുമാണിത്. മാർച്ച് രണ്ടിന് സന്ധ്യാസമയത്ത് ചന്ദ്രോദയം നടക്കും. എന്നാൽ യഥാർഥ വിസ്‍മയം തുടങ്ങുന്നത് മാർച്ച് മൂന്നിന് പുലർച്ചയോടെയാണ്. ചന്ദ്രൻ ഭൂമിയുടെ ഇരുണ്ടകുട പോലെയുള്ള നിഴലിലേക്ക് പൂർണമായി പ്രവേശിക്കുമ്പോൾ സമ്പൂർണ ചന്ദ്രഗ്രഹണം സംഭവിക്കും. ഈ ഘട്ടത്തിൽ ചന്ദ്രൻ തീവ്രമായ ചുവപ്പുനിറം കൈക്കൊള്ളും. ഇതെയാണ് സാധാരണയായി “ബ്ലഡ് മൂൺ” എന്ന് വിളിക്കുന്നത്.
മൊത്തം ഗ്രഹണം അഞ്ച് മണിക്കൂറിൽ അധികം നീണ്ടുനിൽക്കും. എന്നാൽ ഏറ്റവും ശ്രദ്ധേയമായ സമ്പൂർണ ഘട്ടം 58 മിനിറ്റ് 15 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. ഈ ഗ്രഹണത്തിന്‍റെ എല്ലാ ഘട്ടങ്ങളും നഗ്നനേത്രങ്ങളാൽ സുരക്ഷിതമായി നിരീക്ഷിക്കാം. ദൂരദർശിനിയുടെയോ ടെലിസ്കോപ്പിന്‍റെയോ സഹായത്തോടെ കാണുമ്പോൾ അനുഭവം കൂടുതൽ വ്യക്തമായിരിക്കും.
ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന സമയം
അമേരിക്കയിലെ വിവിധ സമയം മേഖലകളിൽ സമ്പൂർണ ഘട്ടം വ്യത്യസ്‍ത സമയങ്ങളിൽ ദൃശ്യമാകും. കിഴക്കൻ സമയം രാവിലെ 6:04 മുതൽ 7:02 വരെ, സെൻട്രൽ സമയം 5:04 മുതൽ 6:02 വരെ, മൗണ്ടൻ സമയം 4:04 മുതൽ 5:02 വരെ, പസഫിക് സമയം 3:04 മുതൽ 4:02, അലാസ്‍ക സമയം 2:04 സമയം 3:02 വരെ, ഹവായ് സ്റ്റാൻഡേർഡ് സമയം 1:04 മുതൽ 2:02 വരെ ഗ്രഹണം ദൃശ്യമാകും. കിഴക്കൻ സംസ്ഥാനങ്ങളിൽ ചന്ദ്രൻ അസ്തമിക്കുമ്പോഴും ഗ്രഹണം തുടരാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഉയർന്ന നിലയിൽ ചന്ദ്രനെ കൂടുതൽ വ്യക്തമായി കാണാൻ കഴിയും.
ഈ മാർച്ച് ഗ്രഹണത്തിന് ശേഷം അടുത്ത സമ്പൂർണ ചന്ദ്രഗ്രഹണം 2028 ഡിസംബർ 31-നാണ് ലോകത്ത് ദൃശ്യമാകുക. വടക്കേ അമേരിക്കയിൽ 2029 ജൂൺ 26-നാണ് വീണ്ടും പൂര്‍ണ ചന്ദ്രഗ്രഹണം കാണാനാകുക. 2026 ഓഗസ്റ്റ് 27–28 തീയതികളിൽ 93 ശതമാനം ഭാഗം മറയുന്ന ഭാഗിക ഗ്രഹണം ഉണ്ടാകുമെങ്കിലും മാർച്ചിലെ സമ്പൂർണ ഗ്രഹണത്തിന്‍റെ ഭംഗി അതിന് ഉണ്ടായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.



