കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി

 

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി. കടങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. വെട്ടി കുറച്ച ബഡ്ജറ്റ് വിഹിതം പുനസ്ഥാപിക്കുക,പണിയില്ലാത്ത ദിവസം തൊഴി രഹിത വേതനം അനുവദിക്കുക,ഉത്സവബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളറക്കാട് സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസ് മുമ്പില്‍ സമാപിച്ചു. തൊഴിലാളികളായ ദേവകി, കാളി, സുബ്രഹ്‌മണ്യന്‍, മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ധര്‍ണ്ണ യൂണിയന്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. സി.പി.ആലിക്കുട്ടി അധ്യക്ഷനായി. ജോണി ആളൂര്‍, സത്താര്‍ നീണ്ടൂര്‍, പി.കെ. ബാബു, ഷംസുദ്ദീന്‍ ചിറ്റിലങ്ങാട്, രജനീ ബാലന്‍, തങ്കമണി, ചന്ദ്രിക, പാറുക്കുട്ടി എന്നിവര്‍ സംസാരിച്ചു.