29 C
Kunnamkulam
Monday, August 17, 2026
Home CCTV Desk ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് പൂട്ടിടാന്‍ സെബി; ആപ്പുകള്‍ക്ക് ഇനി വെരിഫൈഡ് ലേബല്‍

ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് പൂട്ടിടാന്‍ സെബി; ആപ്പുകള്‍ക്ക് ഇനി വെരിഫൈഡ് ലേബല്‍

42

നിക്ഷേപകരുടെ പണം തട്ടിയെടുക്കാന്‍ വ്യാജ ആപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍, സുരക്ഷിത നിക്ഷേപം ഉറപ്പാക്കാന്‍ സെബി പുതിയ പരിഷ്‌കാരവുമായി രംഗത്ത്. ഗൂഗിളുമായി സഹകരിച്ച് സെബി അംഗീകൃത ആപ്പുകള്‍ക്ക് പ്രത്യേക ‘വെരിഫൈഡ് ലേബല്‍’ നല്‍കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിശ്വാസയോഗ്യമായ ട്രേഡിങ് ആപ്പുകളെ തിരിച്ചറിയാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇനി മുതല്‍ പ്രത്യേക ‘വെരിഫൈഡ് ബാഡ്ജ്’ ദൃശ്യമാകും. ഗൂഗിളുമായി കൈകോര്‍ത്ത് സെബി നടപ്പാക്കുന്ന പദ്ധതി ആഗോളതലത്തില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്.

സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെയാണ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തത്. നിക്ഷേപം തുടങ്ങുന്നതിന് മുന്‍പ് ആപ്പുകളുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. സെബിയുടെ പേരോ സമാന ലോഗോകളോ ഉപയോഗിച്ച് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ.

600 ആപ്പുകള്‍ക്ക് അംഗീകാരം

ആദ്യഘട്ടത്തില്‍ സ്റ്റോക്ക് ബ്രോക്കിങ് രംഗത്തെ 600ഓളം ആപ്പുകള്‍ക്ക് വെരിഫൈഡ് ലേബല്‍ നല്‍കിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ മറ്റ് നിക്ഷേപ സേവന ആപ്പുകളിലേക്കും ഇത് വ്യാപിപ്പിക്കും. ‘ആദ്യം പരിശോധിക്കുക, പിന്നെ നിക്ഷേപിക്കുക’ എന്ന സന്ദേശമാണ് ഇതിലൂടെ സെബി നിക്ഷേപകര്‍ക്ക് നല്‍കുന്നത്. ഇതുവരെ 1.3 ലക്ഷത്തോളം വ്യാജ ഉള്ളടക്കങ്ങളും 66 വ്യാജ ട്രേഡിങ് ആപ്പുകളും സെബി ഇടപെട്ട് പ്ലേ സ്റ്റോറുകളില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാരെ കണ്ടെത്താന്‍ എഐ ഉപയോഗിക്കണമെന്ന് ഗൂഗിളിനോട് സെബി ആവശ്യപ്പെട്ടു.

പണം കൈമാറുന്നതിന് മുന്‍പ് സെബി ചെക്ക് പോര്‍ട്ടല്‍ വഴിയോ സാരഥി ആപ്പ് വഴിയോ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ പരിശോധിക്കണം. കൂടാതെ, സെബി അംഗീകൃത സ്ഥാപനങ്ങള്‍ക്കായി നിലവില്‍ വന്ന ‘@valid’ എന്ന് അവസാനിക്കുന്ന യുപിഐ ഐഡികള്‍ മാത്രം ഇടപാടുകള്‍ക്കായി ഉപയോഗിക്കാനും നിര്‍ദേശമുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കാനായി കേന്ദ്ര ഐടി മന്ത്രാലയവും ടെലകോം വകുപ്പുമായും ചേര്‍ന്ന് കൂടുതല്‍ സുരക്ഷാ നടപടികള്‍ ഉടന്‍ നടപ്പിലാക്കുമെന്നും സെബി അറിയിച്ചു.

ADVERTISEMENT
error: Content is protected !!