കളിക്കാര്‍ പോയും വന്നും കൊണ്ടേയിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ വിജയം തേടി ഇന്നിറങ്ങുന്നു. ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. കളിക്കാര്‍ മാറുന്നതിന് പുറമെ പരിശീലകനെ വരെ മാറ്റിയിട്ടും വിജയമെന്നത് സ്വപ്‌നമാകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്. ഇന്ന് രാത്രി രാത്രി 7.30-നാണ് കിക്കോഫ്. ഏഴ് കളിയില്‍ നിന്ന് ഒരു പോയിന്റുമാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ 13-ാം സ്ഥാനത്താണുള്ളത്. 14 പോയിന്റുള്ള ബെംഗളൂരുവാകട്ടെ നാലാം സ്ഥാനത്തുമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ ആഷ്ലി വെസ്റ്റ് വുഡിന്റെ മുന്‍ക്ലബ്ബാണ് ബെംഗളൂരു. അതിനാല്‍ തന്നെ ബെംഗളൂരുവിന്റെ കളിശൈലിയെ കുറിച്ച് ഏകദേശ ധാരണ കോച്ചിനുണ്ടാകുമെന്നാണ് കരുതുന്നത്.
മികച്ച കളിക്കാര്‍ ടീമിലുണ്ടെന്ന് വെസ്റ്റ് വുഡ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മൈതാനത്തിറങ്ങുമ്പോള്‍ ഒത്തിണക്കമില്ലായ്മയും ഫിനിഷിങ്ങിലുണ്ടാകുന്ന പിഴവുകളും തിരിച്ചടിയാകുകയാണ്. ടീമംഗങ്ങളുടെ കളത്തിലെ ഒത്തിണക്കം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് വെസ്റ്റ് വുഡിന്റെ പ്രതീക്ഷ. ടീം മാനേജ്‌മെന്റും പുതിയ പരിശീലകനില്‍ പ്രതീക്ഷ വെച്ചിരിപ്പാണ്. മുന്‍ ജംഷേഡ്പൂര്‍ എഫ്.സി. താരം പീറ്റര്‍ ഹാര്‍ട്ടിയെ സഹപരിശീലകനായി വെസ്റ്റ് വുഡ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിച്ചിട്ടുണ്ട്. ഫ്രഞ്ച് താരം കെവിന്‍ യോക്ക്, ഇന്ത്യന്‍ താരങ്ങളായ കൊറു സിങ്, എബിന്‍ദാസ് യേശുദാസ്, മുഹമ്മദ് അജ്‌സല്‍ തുടങ്ങി കുറച്ചുതാരങ്ങള്‍ മാത്രമാണ് മികവാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ളത്.
അതിനിടെ എഫ്.സി. ഗോവയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ബെംഗളൂരു എഫ്.സി. വെറ്ററന്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയും നംഗ്യാല്‍ ബൂട്ടിയയുമാണ് അവരുടെ നിരയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട താരങ്ങള്‍. ഛേത്രിക്കൊപ്പം റയാന്‍ വില്യംസും മലയാളി താരം ആഷിഖ് കുരുണിയനും കളിക്കുന്ന ബെംഗളൂരുവിന്റെ മുന്നേറ്റനിര ശക്തമാണ്. മധ്യനിരയില്‍ വിദേശതാരങ്ങളായ സിറോജിദിന്‍ കുസേയേവ്, ബ്രിയാന്‍ സാഞ്ചസ് എന്നിവര്‍ക്കൊപ്പം സുരേഷ് സിങ് കൂടി കളിക്കും. രാഹുല്‍ ബേക്കെ നേതൃത്വം നല്‍കുന്ന ബെംഗളൂരുവിന്റെ പ്രതിരോധവും ശക്തമാണ്. ഈ പ്രതിരോധക്കോട്ടയെ മറി കടക്കുകയെന്നതായിരിക്കും കേരള ബ്ലസ്‌റ്റേഴ്‌സ് താരങ്ങളുടെ വെല്ലുവിളി. അതിനിടെ ആക്രമണനിര ശക്തിപ്പെടുത്തുന്നതിനായി അര്‍ജന്റീനിയന്‍ വിങ്ങര്‍ ഫ്രാന്‍സിസ്‌കോ ഫ്യൂലാസിയര്‍ അബാലോയെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട്. ഫ്രാഞ്ചു എന്ന് വിളിപ്പേരുള്ള 27-കാരന്‍ റയല്‍ യൂത്ത് സിസ്റ്റം വഴി വളര്‍ന്നുവന്ന കളിക്കാരനാണ്. റയല്‍ ജൂനിയര്‍ ടീമില്‍ കളിച്ചിട്ടുമുണ്ട്. മറ്റു ക്ലബ്ബുകള്‍ക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.



