മുന്നറിയിപ്പിലാതെ സിസിടിവിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ കെ.എസ്.ഇ.ബിയുടെ തൊഴിലാളികള്‍ മുറിച്ച് നശിപ്പിച്ച നിലയില്‍. ഇതോടെ മേഖലയില്‍ വ്യാപകമായി ബ്രോഡ്ബാന്റ് – ഡിജിറ്റല്‍ കണക്ഷനുകള്‍ നിശ്ചലമായി. സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു.
ആര്‍ത്താറ്റ് സിംഹാസന പള്ളിയ്ക്ക് സമീപമാണ് കേരളവിഷന് കീഴിലുള്ള സിസിടിവിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ മുറിച്ച് നശിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇതോടെ ആര്‍ത്താറ്റിന് പുറമേ ഗുരുവായൂര്‍, ചാവക്കാട്, പാവറട്ടി, മുല്ലശ്ശേരി മേഖലകളിലായി ഡിജിറ്റല്‍-ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തടസ്സപ്പെട്ടു
പ്രദേശത്ത് ഇലക്ട്രിക്കല്‍ പോസ്റ്റ് മാറ്റുന്ന പ്രവര്‍ത്തി നടന്നിരുന്നു. ഇതിനിടെയാണ് സംഭവമെന്ന് കരുതുന്നു. സാധാരണയായി പോസ്റ്റുകള്‍ മാറ്റുന്ന സമയത്തും, മറ്റ് ഇലക്ട്രിക്കല്‍ തകരാറുകള്‍ പരിഹരിക്കുന്ന സമയത്തും കേബിള്‍ടിവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓപ്പറേറ്റര്‍മാരെ അറിയിക്കുന്ന പതിവുണ്ടായിരുന്നു. ഇതിനായ് വാട്ട്‌സ് അപ്പ് ഗ്രൂപ്പും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ത്താറ്റ് പോസ്റ്റ് മാറ്റുന്ന കാര്യം തങ്ങളെ അറിയിച്ചില്ലെന്ന് ബന്ധപ്പെട്ട കേബിള്‍ടിവി ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു.
സംസ്ഥാനവ്യാപകമായി എല്ലാ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലും മേഖലയിലെ പ്രാദേശിക കേബിള്‍ടിവി ഓപ്പറേറ്റര്‍മാരെ ഉള്‍പ്പെടുത്തി വാട്ട്‌സ് അപ്പ് ഗ്രൂപ്പ് തന്നെ നിലവിലുണ്ട്. എന്നാല്‍ ആശയവിനിമയത്തില്‍ വന്ന അപാകതയാണ് ആര്‍ത്താറ്റ് കേബിള്‍ മുറിച്ച് മാറ്റുന്നതിലേക്ക് എത്തിച്ചത്. ഇക്കാര്യത്തില്‍ വിഷയത്തിന്റെ ഗൗരവവും, സ്ഥാപനത്തിന്റെ പരാതിയും ബന്ധപ്പെട്ട കെ.എസ്.ഇ.ബി. അധികൃതരെ രേഖമൂലം ബോധ്യപ്പെടുത്തുമെന്ന് സിസിടിവി മാനേജ്‌മെന്റ് അറിയിച്ചു.



