ബുധനാഴ്ച വൈകീട്ട് ചാവക്കാട് ദ്വാരക ബീച്ച് കാണാനെത്തിയ ആളൂര്‍ നമ്പ്രമ്പത്ത് വീട്ടില്‍ വിനോദ് മകന്‍ ആദിത്യന്‍ (21) , കൂട്ടുകാരായ സ്‌നേഹിത്ത്, പാര്‍ത്ഥിവ്, സായൂജ് എന്നിവരെ ആക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ പ്രതികളെ ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.വിമലും, സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തിരുവത്ര ബേബി റോഡില്‍ പണ്ടാരി വീട്ടില്‍ മുഹമ്മദ് ഉവൈസ്, ചാവക്കാട് ദ്വാരക അമ്പലത്തിന് സമീപം ഇടശ്ശേരി വീട്ടില്‍ ഷഹീന്‍ഷാ(19)എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയുമാണ് പിടികൂടിയത്.പ്രായപൂര്‍ത്തിയാകാത്തവരെ തൃശൂര്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി.ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ബീച്ച് കാണാനെത്തിയവരുമായി പ്രതികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, തുടര്‍ന്ന് പ്രതികളിലൊരാള്‍ തേങ്ങയും വടിയുമുപയോഗിച്ച് ആളൂര്‍ സ്വദേശികളെ മൃഗീയമായി അക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കി. രാത്രി തന്നെ സംഭവത്തിലുള്‍പെട്ട മുഴുവന്‍ പേരേയും കസ്റ്റഡിയിലെടുത്തു. ബീച്ച് കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കെതിരെ നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികള കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ ബാബു രാജന്‍, പോലീസ് ഉദ്യോഗസ്ഥരായ ഹംദ്, സന്ദീപ്, നൌഫല്‍, മെല്‍വിന്‍, വീനീത് സുബീഷ്, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.